കൊച്ചി: ഹാലോവിൻ ആഘോഷത്തിനിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ 21കാരൻ അറസ്റ്റിൽ. കടവന്ത്ര സ്വദേശി അലക്സിനെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. 15 വയസ്സുള്ള പെൺകുട്ടിയാണ് അതിക്രമത്തിനിരയായത്.
മുപ്പതിലധികം പേർ പങ്കെടുത്ത ഹാലോവിൻ പാർട്ടിക്കിടെയാണ് സംഭവം നടന്നത്. വിദ്യാർത്ഥികളുൾപ്പെടെ നിരവധി പ്രായപൂർത്തിയാകാത്ത പെൺകുട്ടികളും ആൺകുട്ടികളും ആഘോഷത്തിൽ പങ്കെടുത്തിരുന്നു. പാർട്ടിക്കിടെ മദ്യസൽക്കാരവും ലഹരിവസ്തുക്കളുടെ ഉപയോഗവും നടന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പാർട്ടി സംഘടിപ്പിക്കുന്നതിലും നേതൃത്വം നൽകുന്നതിലും അലക്സിന് പ്രധാന പങ്കുണ്ടായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക വിവരം.
പാർട്ടിയിൽ പങ്കെടുത്തവരിൽ പ്രമുഖ വ്യക്തികളുടെ മക്കളും ഉണ്ടായിരുന്നുവെന്ന വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. പ്രായപൂർത്തിയാകാത്തവർക്ക് മദ്യം നൽകിയിട്ടുണ്ടോയെന്നും ലഹരിമരുന്ന് ഉപയോഗം നടന്നിട്ടുണ്ടോയെന്നും പൊലീസ് വിശദമായി അന്വേഷിക്കും. പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.




