കൊല്ലം: വയോധികയുടെ മാല മോഷ്ടിച്ച കേസിൽ 23കാരനായ ജിം ട്രെയിനർ പിടിയിൽ. തിരുവനന്തപുരം മലയിൻകീഴ് ചിത്തിര വീട്ടിൽ അർജുനെയാണ് പൊലീസ് പിടികൂടിയത്. കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
ആളുകൾ സമീപത്തില്ലെന്ന് മനസിലാക്കിയ പ്രതി വയോധികയുടെ മാല പൊട്ടിച്ചെടുത്ത് സ്കൂട്ടറിൽ രക്ഷപ്പെട്ടെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിന് പിന്നാലെ വയോധിക വീട്ടുകാർക്കൊപ്പം കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി.
പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് സമീപത്തെ നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയത്. മോഷണം പോയ മാല ക്ലാപ്പനയിലെ പ്രതിയുടെ വാടകവീട്ടിൽ നിന്ന് പൊലീസ് കണ്ടെടുത്തു. പ്രതിയെ കരുനാഗപ്പള്ളി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.



