ചണ്ഡീഗഢ്: മോശം ഫോമിലുള്ള ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമ മികവിലേക്ക് തിരിച്ചെത്തുന്ന സൂചനകൾ. വെറും 91 പന്തിൽ അടിച്ചെടുത്തത് 233 റൺസ്! പഞ്ചാബിലെ ജില്ലാതല പോരാട്ടത്തിലാണ് ഈ സംഹാര താണ്ഡവം. പഞ്ചാബ് അന്തർ ജില്ലാ സീനിയർ ഏകദിന പോരാട്ടത്തിൽ 25 സിക്സും 15 ഫോറും സഹിതം അഭിഷേക് വെറും 91 പന്തിൽ 233 റൺസാണ് വാരിക്കൂട്ടിയത്. 256.04 എന്ന അതിശയിപ്പിക്കുന്ന സ്ട്രൈക്ക് റേറ്റും താരം സ്വന്തമാക്കി. താരത്തിന്റെ വെടിക്കെട്ട് ബാറ്റിങിന്റെ വിഡിയോ വൈറലായി മാറുകയും ചെയ്തു.
അമൃത്‍സർ സീനിയർ ടീമിനു വേണ്ടിയാണ് താരം കളിക്കാനിറങ്ങിയത്. തരൺ താര ആയിരുന്നു എതിരാളികൾ. അഭിഷേകിന്റെ വെടിക്കെട്ട് ബാറ്റിങിന്റെ കരുത്തിൽ അമൃത്‍സർ ടീം 50 ഓവറിൽ അടിച്ചെടുത്തത് 533 റൺസ്! മോശം ഫോമിലൂടെ കടന്നു പോകുന്ന താരത്തിനു വലിയ ആശ്വാസം നൽകുന്നതാണ് ഫോമിലേക്കുള്ള ഈ മടങ്ങി വരവ്. ഈ വർഷം ടി20 ബാറ്റർമാരുടെ റാങ്കിങിൽ ഒന്നാം സ്ഥാനത്ത് തുടങ്ങിയ അഭിഷേക് നിലവിൽ മൂന്നാം റാങ്കിലേക്ക് വീണിരുന്നു. അടുത്തിടെ നടന്ന സിംബാബ്‍വെക്കെതിരായ ടി20 പരമ്പരയിൽ താരം അമ്പേ പരാജയമായിരുന്നു. 3 ഇന്നിങ്സുകളിൽ നിന്നു വെറും 11 റൺസ് മാത്രമാണ് നേടാനായത്. മാസങ്ങളായി താരം മോശം ഫോമിലാണ്.


