കുവൈത്ത് സിറ്റി: കുവൈത്തിലെ നുവൈസീബ് അതിർത്തി ചെക്ക് പോയിന്റ് വഴി രാജ്യത്തേക്ക് അനധികൃതമായി കടത്താൻ ശ്രമിച്ച 43.5 കിലോഗ്രാം പുകയില ഉൽപ്പന്നങ്ങൾ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് ഔദ്യോഗിക റിപ്പോർട്ട് പുറത്തുവിട്ടു.
രാജ്യത്തേക്ക് പ്രവേശിക്കുകയായിരുന്ന വാഹനത്തിൽ സംശയം തോന്നിയതിനെ തുടർന്ന് കസ്റ്റംസ് ഇൻസ്പെക്ടർമാർ വിശദമായ പരിശോധന നടത്തുകയായിരുന്നു. വാഹനത്തിന്റെ പിൻഭാഗത്തെ പാനലിനുള്ളിൽ രഹസ്യമായി ഒളിപ്പിച്ച നിലയിൽ 61 ബാഗുകളിലായാണ് പുകയില ഉൽപ്പന്നങ്ങൾ കണ്ടെത്തിയത്.
പിടിച്ചെടുത്ത വസ്തുക്കൾ കസ്റ്റംസ് ഉദ്യോഗസ്ഥർ കണ്ടുകെട്ടി ഔദ്യോഗിക മഹസ്സർ തയ്യാറാക്കി. ആവശ്യമായ കസ്റ്റംസ്, നിയമ നടപടികൾ പൂർത്തിയാക്കിയ ശേഷം ഡ്രൈവറെയും പിടിച്ചെടുത്ത പുകയില ഉൽപ്പന്നങ്ങളും ബന്ധപ്പെട്ട അന്വേഷണ സംഘത്തിന് കൈമാറുമെന്ന് അധികൃതർ അറിയിച്ചു.
കര അതിർത്തി ചെക്ക് പോയിന്റുകളിലെ പരിശോധന ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. രാജ്യത്തെ നിയമങ്ങൾ ലംഘിച്ച് നിരോധിത വസ്തുക്കൾ കടത്താനുള്ള ശ്രമങ്ങൾക്കെതിരെ കർശന നടപടി തുടരുമെന്നും കസ്റ്റംസ് വ്യക്തമാക്കി.


