ന്യൂഡൽഹി: ദക്ഷിണപടിഞ്ഞാറൻ ഡൽഹിയിലെ സത്യനികേതനിൽ പഴക്കമുള്ള കെട്ടിടം തകർന്നുവീണ് ഏഴ് പേർ മരിച്ച സംഭവത്തിൽ വിവിധ ആവശ്യങ്ങളുമായി സിജെപി രംഗത്ത്. മരിച്ച വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതവും പരിക്കേറ്റവർക്ക് 20 ലക്ഷം രൂപ വീതവും നഷ്ടപരിഹാരം നൽകണമെന്ന് സിജെപി ആവശ്യപ്പെട്ടു.
പിജി മാഫിയക്കെതിരെ ക്രിമിനൽ അന്വേഷണം നടത്തണമെന്നും അപകടസാധ്യതയുള്ള പിജികളിൽ താമസിക്കുന്നവരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റണമെന്നും സിജെപി ആവശ്യപ്പെട്ടു. സർക്കാർ സർവകലാശാലകളിലെ ഹോസ്റ്റൽ സൗകര്യങ്ങൾ അടിയന്തരമായി വർധിപ്പിക്കണമെന്നും സിജെപി സഹ കൺവീനർ സൗരവ് ദാസ് പറഞ്ഞു. സംഭവത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ആശിഷ് സൂദ് മറുപടി പറയണമെന്നും അപകടത്തിന്റെ ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കണമെന്നും സിജെപി ആവശ്യപ്പെട്ടു.
ഡൽഹിയിലുൾപ്പെടെ രാജ്യത്തെ പ്രധാന വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ സ്കൂൾ, കോളേജ്, ഹോസ്റ്റൽ കെട്ടിടങ്ങളുടെ സുരക്ഷാ പരിശോധന നടത്തണമെന്നും സംഘടന ആവശ്യപ്പെട്ടു. പരിശോധനകളുടെ റിപ്പോർട്ടുകളും കണ്ടെത്തുന്ന നിയമലംഘനങ്ങളും സ്വീകരിക്കുന്ന നടപടികളും കൃത്യമായി രേഖപ്പെടുത്തണമെന്നും സിജെപി ആവശ്യപ്പെട്ടു.
യുവാക്കളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് സൗരവ് ദാസ് പറഞ്ഞു. കെട്ടിട പരിശോധനകൾ നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഡൽഹി സർവകലാശാലയിൽ ലക്ഷക്കണക്കിന് വിദ്യാർഥികളുണ്ടെങ്കിലും നിലവിലെ ഹോസ്റ്റൽ സൗകര്യം ഏകദേശം 7,000 പേർക്ക് മാത്രമാണെന്നും കൂടുതൽ ഹോസ്റ്റലുകൾ നിർമിക്കണമെന്നും സിജെപി ചൂണ്ടിക്കാട്ടി.
ഞായറാഴ്ച ഉച്ചയ്ക്ക് 1.30ഓടെയാണ് ആൺകുട്ടികളുടെ പിജിയായി പ്രവർത്തിച്ചിരുന്ന ‘ഹോസ്റ്റൽ ഡേയ്സ്’ എന്ന കെട്ടിടം തകർന്നുവീണത്. അപകടത്തിൽ ഏഴ് പേർ മരിക്കുകയും 12 പേരെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് രക്ഷപ്പെടുത്തുകയും ചെയ്തു. സംഭവത്തിൽ കെട്ടിട ഉടമയെ അറസ്റ്റ് ചെയ്തിരുന്നു. അപകടത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് സംസ്ഥാന സർക്കാരിന് ഒഴിഞ്ഞുമാറാനാകില്ലെന്ന് ചൂണ്ടിക്കാട്ടി ഡൽഹി ഹൈക്കോടതിയും നേരത്തെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു.




