കൊച്ചി: ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സഹോദരനെ ആശുപത്രിയിലെത്തിക്കാൻ ഓട്ടോ എടുക്കാൻ പോകുന്നതിനിടെ ജ്യേഷ്ഠൻ കുഴഞ്ഞുവീണ് മരിച്ചു. ഞാറയ്ക്കൽ കളത്തിപ്പറമ്പിൽ സുനിൽ (55) ആണ് മരിച്ചത്.
ഞായറാഴ്ച രാത്രി 10 മണിയോടെ മേനാച്ചേരി റോഡിലുണ്ടായ ഏറ്റുമുട്ടലിലാണ് സുനിലിന്റെ സഹോദരൻ സ്റ്റാൻലിക്ക് ഗുരുതരമായി പരിക്കേറ്റത്. സ്റ്റാൻലിയെ ആശുപത്രിയിലെത്തിക്കുന്നതിനായി സമീപത്തെ വീട്ടിൽനിന്ന് ഓട്ടോ എടുക്കാൻ പോയ സുനിൽ ഇതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.
തുടർന്ന് സുനിലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്റ്റാൻലിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പൊലീസ് അന്വേഷിച്ചുവരികയാണ്.
പോസ്റ്റ്മോർട്ടത്തിന് ശേഷം സുനിലിന്റെ മൃതദേഹം സംസ്കരിച്ചു. ഭാര്യ: റൈന. മക്കൾ: ആൽവിൻ, അബിൻ.















