തിരുവനന്തപുരം: യുപിഎസ്.സി സിവിൽ സർവീസസ് പരീക്ഷയിൽ 47 മലയാളികൾക്ക് റാങ്ക് ലഭിച്ചു. തിരുവനന്തപുരം നരുവാമൂട് സ്വദേശിനിയായ ജെ.എസ്. ശ്രീജ 57-ാം റാങ്ക് നേടി മലയാളികളിൽ ഒന്നാം സ്ഥാനത്തെത്തി. കൊല്ലം ആശ്രാമം സ്വദേശി എച്ച്. ആദിത്യ നാരായണൻ 68-ാം റാങ്ക് നേടി മലയാളികളിൽ രണ്ടാം സ്ഥാനമാണ് നേടിയത്. ആദ്യ 100 റാങ്കിനുള്ളിൽ രണ്ട് മലയാളികൾ ഇടം നേടിയപ്പോൾ, ആദ്യ 150 റാങ്കിനുള്ളിൽ ഏഴ് മലയാളികളും ഉൾപ്പെട്ടു. കേരളത്തിൽ രജിസ്റ്റർ ചെയ്ത് അഭിമുഖത്തിൽ പങ്കെടുത്തത് 133 പേരാണ്. ആകെ 958 പേരുടെ റാങ്ക് പട്ടികയാണ് യു.പി.എസ്.സി പ്രസിദ്ധീകരിച്ചത്.






