തെലങ്കാന: തെലങ്കാനയിലെ മഹബൂബ് നഗരിൽ സൂപ്പർ ബൈക്ക് കാറിലിടിച്ച് അഞ്ച് പേർ മരിച്ചു. ഞായറാഴ്ച രാത്രി പാലകൊണ്ട ബൈപാസ് റോഡിലായിരുന്നു അപകടം. അമിതവേഗതയിലെത്തിയ സുസുക്കി ഹയബൂസ നിയന്ത്രണം വിട്ട് കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
അപകടസമയത്ത് ബൈക്ക് മണിക്കൂറിൽ 140 കിലോമീറ്ററിലധികം വേഗത്തിലായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ഇടിയുടെ ആഘാതത്തിൽ കാറിലുണ്ടായിരുന്ന ഒരു കുടുംബത്തിലെ മൂന്ന് പേർ സംഭവസ്ഥലത്തുതന്നെ മരിച്ചു. അർഷിയ ബീഗം (30), ഉജേപ (7), രണ്ട് വയസ്സുകാരൻ അമർ എന്നിവരാണ് മരിച്ചത്.
ബൈക്കിലുണ്ടായിരുന്ന രണ്ട് യുവാക്കളെയും ഗുരുതരാവസ്ഥയിൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരിച്ചവരിൽ ഒരാൾ യാക്കൂബ് അഫ്സൽ (25) ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. രണ്ടാമത്തെ യുവാവിന്റെ തിരിച്ചറിയൽ നടപടികൾ പുരോഗമിക്കുകയാണ്.
രാത്രികാലങ്ങളിൽ പാലകൊണ്ട ബൈപാസ് റോഡിൽ അനധികൃത ബൈക്ക് റേസിംഗ് പതിവാണെന്ന് നാട്ടുകാർ ആരോപിച്ചു. സ്പോർട്സ് ബൈക്കുകളിൽ അമിതവേഗതയും അപകടകരമായ പ്രകടനങ്ങളും സ്ഥിരമായി നടക്കാറുണ്ടെന്നും പലതവണ പരാതി നൽകിയിട്ടും കർശന നടപടി ഉണ്ടായില്ലെന്നും അവർ പറഞ്ഞു.
സംഭവത്തെ തുടർന്ന് പ്രദേശത്ത് രാത്രികാല പൊലീസ് പട്രോളിംഗ് ശക്തമാക്കണമെന്നും സ്പീഡ് ഗണ്ണുകളും സിസിടിവി ക്യാമറകളും സ്ഥാപിച്ച് അനധികൃത റേസിംഗ് നിയന്ത്രിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.






