മലപ്പുറം: തിരൂരിൽ ആയുര്‍വേദ മസാജ് സെന്ററിന്റെ മറവിൽ ഹണിട്രാപ്പ് നടത്തി യുവാവിനെ മർദിച്ച് പണവും സ്വർണവും കവർന്ന കേസിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശി സൗദ് (36), കോട്ടയം സ്വദേശി ജയന്തി (39), ഓച്ചിറ സ്വദേശി വീണ (39) എന്നിവരെയാണ് തിരൂർ പൊലീസ് പിടികൂടിയത്. തിരൂർ ഏറ്റിരിക്കടവിലുള്ള ‘ഔറാ വെൽനെസ്’ എന്ന മസാജ് സെന്ററിന്റെ നടത്തിപ്പുകാരനാണ് സൗദ്. തെക്കൻ കുറ്റൂർ കരിമ്പന സ്വദേശി മനോജിനെ വെള്ളിയാഴ്ച രാത്രി 7.30ഓടെയാണ് ഇവർ ഹണിട്രാപ്പിൽപ്പെടുത്തി ആക്രമിച്ചതെന്നാണ് പൊലീസ് പറയുന്നത്.
മസാജിന് എത്തിയ മനോജിന്റെ കൈവശം കൂടുതൽ പണമുണ്ടെന്ന് മനസിലാക്കിയ പ്രതികൾ, ഇയാളെ വിവസ്ത്രനാക്കി ഫോട്ടോ എടുത്തു. പിന്നാലെ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത് 28,500 രൂപ, ഒന്നര പവൻ സ്വർണമാല, പവർബാങ്ക്, ബൈക്ക് എന്നിവ കൈക്കലാക്കി.
അതേസമയം, മസാജ് സെന്ററിലെ സ്ത്രീകളെ ഉപദ്രവിച്ചെന്ന പരാതിയിൽ മനോജിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതികളിൽ നിന്ന് മനോജിന്റെ പൊട്ടിയ സ്വർണമാലയും ബൈക്കും പൊലീസ് കണ്ടെത്തി. കേസിലെ ഒന്നാം പ്രതിയായ സൗദ് മുമ്പും പത്തോളം കേസുകളിൽ പ്രതിയായിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായി. തിരൂർ ഡിവൈഎസ്പി എ എം സി സിദ്ദിഖിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.






