ചണ്ഡീഗഡ്: പഞ്ചാബിലെ ഫത്തേഗഡ് സാഹിബിൽ തീർഥാടകർ സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞ് ആറുപേർ മരിച്ചു. 21 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകുന്നു.
ചൊവ്വാഴ്ച രാത്രി 10 മണിയോടെ ബസ്സി പത്താനയിലെ മൊറിൻഡ-ചുന്നി റോഡിൽ ഹിമ്മത്പുരയ്ക്ക് സമീപമാണ് അപകടം നടന്നത്. രൂപ്‌നഗർ ജില്ലയിലെ ആനന്ദ്പൂർ സാഹിബിൽ നടന്ന ബൈശാഖി ആഘോഷങ്ങളിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന ഫത്തേഗഡ് സാഹിബിലെ മെയിൻ മജ്രി സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്.
ബസിന് സാങ്കേതിക തകരാർ സംഭവിച്ചതിനെ തുടർന്ന് വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ അപകടത്തിന്റെ യഥാർത്ഥ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഒരു സ്ത്രീ ഉൾപ്പെടെ ആറുപേർ മരിച്ചതായി ഫത്തേഗഡ് സാഹിബ് ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് രാജ് കുമാർ അറിയിച്ചു. പരിക്കേറ്റവരുടെ നില ഗുരുതരമാണെന്നാണ് വിവരം.




