പത്തനംതിട്ട: മാലദ്വീപിലെ ഗഫ്ധാൽ അടോൾ സ്‌കൂളിൽ വിദ്യാർത്ഥിയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ അധ്യാപിക സ്മിത എൻ. പിള്ള (35)യെ ശസ്ത്രക്രിയയ്ക്കായി നാട്ടിലെത്തിക്കാൻ തീരുമാനം. ചെങ്ങന്നൂർ തിട്ടമേൽ സ്വദേശിനിയായ സ്മിത, കല്ലൂർ ദീപക് ശശിയുടെ ഭാര്യയാണ്.
ഏപ്രിൽ 12-ന് ക്ലാസിൽ ഗെയിം കളിക്കുന്നത് തടഞ്ഞതിനെ തുടർന്നാണ് എട്ടാം ക്ലാസ് വിദ്യാർത്ഥി സ്മിതയെ ആക്രമിച്ചത്. ഫോൺ ഉപയോഗിച്ച് സംഭവം രേഖപ്പെടുത്തുമെന്ന് പറഞ്ഞതോടെ വിദ്യാർത്ഥി ഫോൺ എറിഞ്ഞ് തകർത്തു. തുടർന്ന് സ്മിത ഫോൺ പരിശോധിക്കുമ്പോൾ മൂക്കിൽ തുടർച്ചയായി മർദ്ദിക്കുകയും പിന്നാലെ തലയുടെ പിൻഭാഗത്തും അടിക്കുകയും ചെയ്തു.
രക്തം വാർന്ന് ബോധരഹിതയായ സ്മിതയെ സഹപ്രവർത്തകർ ആദ്യം പ്രാഥമികാരോഗ്യകേന്ദ്രത്തിലും പിന്നീട് തിനാതുദ്വീപിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിശോധനയിൽ മൂക്കിലെ അസ്ഥി പൊട്ടിയതായി കണ്ടെത്തി.
മാലദ്വീപിൽ ആവശ്യമായ ചികിത്സാ സൗകര്യങ്ങൾ ഇല്ലാത്തതിനാൽ രണ്ടുദിവസത്തിനുള്ളിൽ ശസ്ത്രക്രിയയ്ക്കായി നാട്ടിലെത്തിക്കുമെന്ന് ഭർത്താവ് ദീപക് അറിയിച്ചു. ഇതിനായി ചികിത്സാരേഖകളും പൊലീസ് റിപ്പോർട്ടും ഹൈക്കമ്മിഷണർക്ക് കൈമാറിയിട്ടുണ്ട്. കേന്ദ്രമന്ത്രി സുരേഷ് ഗോപി, എം.പി. കൊടിക്കുന്നിൽ സുരേഷ് എന്നിവർ വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്.
സംഭവത്തിൽ പങ്കെടുത്ത വിദ്യാർത്ഥിയെ ഒരാഴ്ചത്തേക്ക് സസ്‌പെൻഡ് ചെയ്യുകയും കൗൺസലിംഗിനായി നിർദേശിക്കുകയും ചെയ്തു. എന്നാൽ, നടപടി പര്യാപ്തമല്ലെന്ന് ഇന്ത്യയിൽ നിന്നുള്ള അധ്യാപകർ പ്രതികരിച്ചു.
അതേസമയം, ഇതേ സ്‌കൂളിൽ മറ്റൊരു മലയാളി അധ്യാപികയ്ക്കെതിരെ വിദ്യാർത്ഥി ഭീഷണി മുഴക്കിയതായും റിപ്പോർട്ടുണ്ട്. ക്ലാസിൽ ശാസിച്ചതിനെ തുടർന്ന് “അടുത്ത ഇടി ടീച്ചർക്കായിരിക്കും” എന്ന് ഒൻപതാം ക്ലാസ് വിദ്യാർത്ഥി ഭീഷണിപ്പെടുത്തിയതായി പറയുന്നു.
മാലദ്വീപിലെ പല സ്‌കൂളുകളിലും ഇത്തരത്തിലുള്ള വിദ്യാർത്ഥി ഭീഷണികളും ശാരീരിക അതിക്രമങ്ങളും ഉണ്ടെന്ന ആശങ്ക അധ്യാപകർക്കിടയിൽ ഉയർന്നിട്ടുണ്ട്. ഇന്ത്യൻ അധ്യാപകർക്ക് തദ്ദേശീയരേക്കാൾ കുറഞ്ഞ ശമ്പളമാണ് ലഭിക്കുന്നതെന്നും പരാതിയുണ്ട്.
സംഭവത്തിൽ മാലദ്വീപ് വിദ്യാഭ്യാസ മന്ത്രാലയവും സ്‌കൂൾ മാനേജ്മെന്റും ഇതുവരെ പ്രതികരിച്ചിട്ടില്ലെന്ന് സ്മിതയുടെ ഭർത്താവ് അറിയിച്ചു.




