കോഴിക്കോട്: മാനസിക സമ്മർദ്ദത്തെ തുടർന്ന് കൗൺസലിംഗിനായി എത്തിയ 18 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ സൈക്യാട്രിക് കൗൺസലറെ പൊലീസ് റിമാൻഡ് ചെയ്തു. കോഴിക്കോട് തൊണ്ടയാട് സ്വദേശിയായ ഡോ. യഹിയ ഖാൻ (54) ആണ് കേസിൽ റിമാൻഡിലായത്.
തൃശൂർ സ്വദേശിനിയായ പെൺകുട്ടി അമ്മയോടൊപ്പം ചികിത്സയ്ക്കായി കോഴിക്കോട് പാലാഴിയിലെ കൗൺസലിംഗ് കേന്ദ്രത്തിൽ എത്തിയതായിരുന്നു. ചികിത്സയുടെ ഭാഗമാണെന്ന് വിശ്വസിപ്പിച്ച് പെൺകുട്ടിയെ മാത്രം സ്വന്തം വാഹനത്തിൽ വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടുപോയ ശേഷം ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് പരാതിയിൽ പറയുന്നത്.
സംഭവത്തെ തുടർന്ന് മാനസികമായി തകർന്ന പെൺകുട്ടി പിന്നീട് തൃശൂർ വനിതാ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് കേസ് പന്തീരാങ്കാവ് പൊലീസ് സ്റ്റേഷനിലേക്ക് കൈമാറുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.
പന്തീരാങ്കാവ് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതിക്കെതിരെ സമാന സ്വഭാവത്തിലുള്ള മറ്റ് പരാതികളും ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും മറ്റ് പരാതികളും പരിശോധിച്ചുവരികയാണെന്നും പൊലീസ് വ്യക്തമാക്കി.





