തിരുവനന്തപുരം: നെടുമങ്ങാട് 13 വയസുകാരനെ പീഡിപ്പിച്ച കേസിൽ 60 വയസുകാരനായ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. നെടുമങ്ങാട് പത്താംകല്ല് സ്വദേശി ഷിയാദ് മൊയ്തീനെയാണ് പോലീസ് പിടികൂടിയത്.
ഇന്നലെ ആളൊഴിഞ്ഞ പറമ്പിൽ കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് നാട്ടുകാർ പ്രതിയെ പിടികൂടിയത്. തുടർന്ന് ഇയാളെ പോലീസിൽ ഏൽപ്പിച്ചു. ഇക്കഴിഞ്ഞ ഒക്ടോബർ മുതൽ കുട്ടിയെ ഇയാൾ നിരന്തരം പീഡിപ്പിച്ചുവരികയായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്.
പത്താംകല്ലിലെ ഗ്രൗണ്ടിൽ സൈക്കിൾ ചവിട്ടാൻ എത്തുന്ന കുട്ടിയുമായി സൗഹൃദം സ്ഥാപിച്ച ശേഷമാണ് ഷിയാദ് കുട്ടിയെ ഓട്ടോയിൽ കയറ്റി ആളൊഴിഞ്ഞ പറമ്പിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചത്. ആദ്യ സംഭവം കഴിഞ്ഞ ഒക്ടോബറിലായിരുന്നു. തുടർന്ന് കുട്ടിക്ക് പത്ത് രൂപ നൽകിയ ശേഷം സംഭവം ആരോടെങ്കിലും പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതേ രീതിയിൽ പലതവണ കുട്ടിയെ ഇയാൾ പീഡിപ്പിച്ചതായും അന്വേഷണത്തിൽ വ്യക്തമായി.
ഇന്നലെ ആളൊഴിഞ്ഞ സ്ഥലത്ത് ഓട്ടോ നിർത്തിയിട്ടത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ സ്ഥലത്തെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാൾ നിരന്തരം പീഡനം നടത്തിയിരുന്നതെന്ന് പോലീസ് സ്ഥിരീകരിച്ചത്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയതിനു ശേഷം റിമാൻഡ് ചെയ്തു.






