തിരുവനന്തപുരം: പാറശ്ശാല കാരാളിയിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന 6000 കിലോ റേഷൻ അരി പിടികൂടി. ഭക്ഷ്യവകുപ്പും പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് അരി കണ്ടെത്തിയത്.
പാറശ്ശാല കാരാളി കുളത്തിന് സമീപമുള്ള ആളൊഴിഞ്ഞ വാടകവീട് ഗോഡൗണാക്കി മാറ്റിയാണ് അരി സൂക്ഷിച്ചിരുന്നത്. കേരളത്തിലെയും തമിഴ്നാട്ടിലെയും റേഷൻ കടകളിൽനിന്ന് കുറഞ്ഞ വിലയ്ക്ക് ശേഖരിക്കുന്ന അരി പോളിഷ് ചെയ്ത് ഉയർന്ന വിലയ്ക്ക് വിൽക്കുന്ന സംഘമാണ് ഇതിന് പിന്നിലെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം.
താലൂക്ക് സപ്ലൈ ഓഫീസർ പ്രവീണിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 50 കിലോ വീതമുള്ള നൂറിലധികം ചാക്കുകളിലായാണ് അരി കണ്ടെത്തിയത്. അതിർത്തി പ്രദേശങ്ങളിൽ സിവിൽ സപ്ലൈസ് പരിശോധന ശക്തമാക്കിയതോടെയാണ് സംഘം ആളൊഴിഞ്ഞ വീട് താവളമാക്കിയതെന്നാണ് കരുതുന്നത്.
ഗോഡൗണിന്റെ സുരക്ഷയ്ക്കായി രണ്ട് രാജപാളയം ഇനത്തിൽപ്പെട്ട നായ്ക്കളെയും ഇവിടെ കാവൽ നിർത്തിയിരുന്നു. തമിഴ്നാട്ടിൽനിന്ന് ലഭിക്കുന്ന റേഷൻ അരിയും ഗോതമ്പും കാറുകളുടെ ഡിക്കി, സ്കൂട്ടർ, ട്രെയിൻ എന്നിവ ഉപയോഗിച്ച് കേരളത്തിലേക്ക് കടത്തിയിരുന്നതായും വിവരം ലഭിച്ചിട്ടുണ്ട്.
ഇത്തരത്തിൽ എത്തിക്കുന്ന അരി മില്ലുകളിൽ പോളിഷ് ചെയ്ത് ‘സുരേഖ’, ‘സോടെക്സ്’ തുടങ്ങിയ ബ്രാൻഡ് പേരുകളിൽ പുതിയ ചാക്കുകളിലാക്കി പൊതുവിപണിയിൽ വിൽക്കുന്നതായാണ് കണ്ടെത്തൽ. പാറശ്ശാല പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സിവിൽ സപ്ലൈസ് സംഘം പരിശോധന നടത്തിയത്.
അരി കടത്താൻ ഉപയോഗിച്ച ഒരു കാറും പോലീസ് കസ്റ്റഡിയിലെടുത്തു. പിടിച്ചെടുത്ത അരി എൻഎഫ്എസ്എ (NFSA) ഗോഡൗണിലേക്ക് മാറ്റും. ജില്ലാ കളക്ടറുടെ ഉത്തരവ് അനുസരിച്ച് ഗുണനിലവാരം ഉറപ്പാക്കിയ ശേഷം അരി ലേലം ചെയ്യുകയോ റേഷൻ കടകൾ വഴി വിതരണം ചെയ്യുകയോ ചെയ്യുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.


