ബെംഗളുരു: തനിക്കെതിരെ ഇഡി പരാതി നൽകിയ വ്യക്തിയെക്കുറിച്ച് അറിയാമെന്ന് കർണാടക പൊതുമരാമത്ത് മന്ത്രി സതീഷ് ജാർക്കിഹോളി. തനിക്കെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും പരാതിക്കാരനെക്കുറിച്ചുള്ള വിവരങ്ങൾ മുഖ്യമന്ത്രി ഡി കെ ശിവകുമാറുമായി പങ്കുവച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസുമായി ബന്ധമുള്ളതും എന്നാൽ ബിജെപിക്ക് വോട്ട് ചെയ്യുന്ന അനുയായികളുള്ളതുമായ വ്യക്തിയാണ് തനിക്കെതിരെ നീങ്ങിയതെന്നാണ് ജാർക്കിഹോളിയുടെ ആരോപണം. എന്നാൽ കോൺഗ്രസിനുള്ളിൽ തന്നെയുള്ള വ്യക്തിയാണോ പരാതിക്ക് പിന്നിലെന്ന കാര്യം അദ്ദേഹം സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തില്ല. വിഷയം മുഖ്യമന്ത്രി പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ആർക്കും ആരെക്കുറിച്ചും എന്ത് ആരോപണം ഉന്നയിച്ചും പരാതി നൽകാവുന്ന സാഹചര്യമാണെന്നും ജാർക്കിഹോളി പറഞ്ഞു. ഇഡി ഇതുവരെ ആരോപണങ്ങളൊന്നും സ്ഥിരീകരിച്ചിട്ടില്ലെന്നും അവരുടെ പ്രസ്താവനകളിൽ ‘സംശയമുണ്ട്’, ‘ആരോപണങ്ങൾ’ തുടങ്ങിയ വാക്കുകളാണ് ഉപയോഗിച്ചിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട ഇഡി പരാമർശവും മന്ത്രി നിഷേധിച്ചു. വിദേശത്ത് 40 ശതമാനം ഓഹരി ഉണ്ടെന്നതിന് രേഖ ഹാജരാക്കിയാൽ പ്രതികരിക്കാമെന്നും അത്തരമൊരു നിക്ഷേപം താൻ നടത്തിയിട്ടില്ലെന്നും ജാർക്കിഹോളി വ്യക്തമാക്കി. വിദേശ ഇടപാടുകൾക്ക് ഔദ്യോഗിക രേഖകൾ ഉണ്ടായിരിക്കുമെന്നും താൻ ഇടപാട് നടത്തിയിട്ടില്ലെങ്കിൽ അത്തരമൊരു നിക്ഷേപം എങ്ങനെ കണ്ടെത്താനാകുമെന്നും അദ്ദേഹം ചോദിച്ചു.
അതേസമയം, 2028ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാൻ സാധ്യതയുള്ള നേതാവാണ് സതീഷ് ജാർക്കിഹോളിയെന്നും പാർട്ടിക്കുള്ളിലെ അഭിപ്രായവ്യത്യാസങ്ങളാകാം ആരോപണങ്ങൾക്ക് പിന്നിലെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ ബി വൈ വിജയേന്ദ്ര പ്രതികരിച്ചു.
സെപ്റ്റംബർ 21ന് ആരംഭിക്കുന്ന കർണാടക നിയമസഭയുടെ മൂന്ന് ദിവസത്തെ പ്രത്യേക സമ്മേളനത്തിന് മുന്നോടിയായി വിഷയം ശക്തമായി ഉയർത്തിക്കാട്ടാനാണ് ബിജെപിയും ജെഡിഎസും തീരുമാനിച്ചിരിക്കുന്നത്. സതീഷ് ജാർക്കിഹോളിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്നും അദ്ദേഹം രാജിവയ്ക്കണമെന്നും പ്രതിപക്ഷ നേതാവ് ആർ അശോക് ആവശ്യപ്പെട്ടു.


