കോഴിക്കോട്: കൊടുവള്ളി മദ്രസ ബസാറിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴ് പേർക്ക് പരിക്ക്. പരിക്കേറ്റവരെ ആദ്യം കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
തെറ്റായ ദിശയിൽ അമിത വേഗതയിലെത്തിയ കാർ ലോറിയിലും മറ്റൊരു കാറിലും ഇടിച്ചാണ് അപകടമുണ്ടായത്. കൈതപ്പൊയിൽ സ്വദേശികളായ ആദം (6), ഫർസാന (27), സലീം (53), സുഹൈൽ (25), റസിയ (47), കൊയിലാണ്ടി മുണ്ടോത്ത് സ്വദേശിനി മോഹിനി (70), താമരശേരി സ്വദേശിനി വനജ (52) എന്നിവർക്കാണ് പരിക്കേറ്റത്.
മറ്റൊരു കാറിൽ വിവാഹത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന സംഘത്തിലെ രണ്ട് പേർക്കും പരിക്കേറ്റിട്ടുണ്ട്. താമരശേരി ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയിൽ എതിർദിശയിൽ എത്തിയ മാരുതി സുസുക്കി റിറ്റ്സ് കാർ ഇടിച്ചുകയറിയതായാണ് വിവരം. ഈ കാറിലുണ്ടായിരുന്ന അഞ്ച് പേർക്ക് സാരമായി പരിക്കേറ്റതായി അധികൃതർ അറിയിച്ചു.




