ലഖ്‌നൗ: ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയ്ഡയിൽ സ്ലീപ്പർ ടൂറിസ്റ്റ് ബസിന് തീപിടിച്ച് ഒരു സ്ത്രീ ഉൾപ്പെടെ ഒൻപത് പേർ മരിച്ചു. യമുന എക്‌സ്പ്രസ്‌വേയിൽ ബുധനാഴ്ച രാത്രിയായിരുന്നു അപകടം. 35 യാത്രക്കാരുമായി സഞ്ചരിച്ച ബസിലാണ് പെട്ടെന്ന് തീപിടിത്തമുണ്ടായത്.
ബസിന്റെ എയർ കണ്ടീഷനിങ് സംവിധാനത്തിലുണ്ടായ പൊട്ടിത്തെറിയാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പൊട്ടിത്തെറിയെ തുടർന്ന് എൻജിന്റെ ലൂബ്രിക്കേഷൻ ഓയിലിന് തീപിടിക്കുകയും അതിവേഗം ബസിലാകെ പടരുകയുമായിരുന്നുവെന്നാണ് പൊലീസ് വൃത്തങ്ങൾ പറയുന്നത്.
നോയ്ഡയിൽ നിന്ന് ഉത്തർപ്രദേശിലെ മഹോബയിലേക്ക് യമുന എക്‌സ്പ്രസ്‌വേയിലൂടെ പോകുന്നതിനിടെയാണ് അപകടം. യാത്രക്കാരിൽ ഭൂരിഭാഗവും ഉറക്കത്തിലായിരുന്നു. തീ പടർന്നതോടെ നിരവധി യാത്രക്കാർ ബസിന്റെ ജനാലകളിലൂടെ ചാടി രക്ഷപ്പെടാൻ ശ്രമിച്ചു.
വിവരമറിഞ്ഞ് അഗ്നിരക്ഷാസേനയും ജെവാർ സ്റ്റേഷനിൽ നിന്നുള്ള പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. അപകടത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും സർക്കാർ ധനസഹായം പ്രഖ്യാപിച്ചു.












