തിരുവനന്തപുരം: ലോക കേഡറ്റ് റാപിഡ് ആന്‍ഡ് ബ്ലിറ്റ്‌സ് ചെസ് ടൂര്‍ണമെന്റില്‍ രണ്ട് മെഡലുകള്‍ കരസ്ഥമാക്കി മലയാളി പെൺകുട്ടി. തിരുവനന്തപുരത്ത് നിന്നുള്ള ദിവി ബിജേഷാണ് (9) അണ്ടര്‍-10 പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ മത്സരിച്ച് സ്വര്‍ണം, വെള്ളി മെഡലുകള്‍ നേടി രാജ്യത്തിനഭിമാനമായത്. റാപിഡ് വിഭാഗത്തിലായിരുന്നു ദിവിയുടെ സ്വര്‍ണ നേട്ടം.
11 ല്‍ 10 പോയിന്റ് നേടിയാണ് താരം സ്വര്‍ണം നേടിയത്. ടൂർണ്ണമെന്റിൽ ഇന്ത്യ നേടിയ ഒരേയൊരു സ്വര്‍ണം കൂടിയാണിത്. ബ്ലിറ്റ്‌സ് വിഭാഗത്തിലാണ് ദിവിയുടെ വെളളിനേട്ടം.
ഏഴാം വയസ്സിലാണ് ദിവി ചെസ്സ് കളിക്കാൻ തുടങ്ങിയത്. തന്റെ സഹോദരൻ ദേവനാഥിൽ നിന്നുമാണ് അടിസ്ഥാനകാര്യങ്ങൾ പഠിച്ചിരുന്നത്. ഇന്ത്യയെ പ്രതിനിധീകരിച്ചു അന്താരാഷ്ട്ര തലത്തിൽ 9 സ്വർണ്ണവും, 5 വെള്ളിയും, 3 വെങ്കലവും ദിവി നേടിയിട്ടുണ്ട്. ഇതിനോടകം വിവിധ മത്സരിങ്ങളിലായി ദിവി അറുപത്തിലധികം പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്.
ജോർജിയയിൽ നടക്കാൻ പോകുന്ന ലോക കപ്പിൽ മത്സരിക്കുകയാണ് ദിവി ബിജേഷിന്‍റെ അടുത്ത ലക്ഷ്യം. തിരുവനന്തപുരം കഴക്കൂട്ടത്തുള്ള അലന്‍ ഫെല്‍ഡ്മാന്‍ പബ്ലിക് സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ദിവി.






