തിരുവനന്തപുരം: വിഴിഞ്ഞം വെണ്ണിയൂരില്‍ റിട്ട. ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന് ഗില്‍ബര്‍ട്ടിന്റെ വീട്ടില്‍നിന്ന് 90 പവൻ കവര്‍ന്നത് 16.5 പവന് സ്വര്‍ണമെന്ന് പോലീസിന്റെ സ്ഥിതീകരണം . വീട് കുത്തിത്തുറന്ന് 90 പവന് സ്വര്‍ണം കവര്‍ന്നു എന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരങ്ങള്‍. എന്നാല്‍, 16.5 പവന് സ്വര്‍ണവും ഒരു ലക്ഷം രൂപയുമാണ് നഷ്ടമായതെന്ന് അന്വേഷണത്തില്‍ പോലീസ് കണ്ടെത്തി.
ബുധനാഴ്ച രാവിലെയാണ് വിഴിഞ്ഞം വെങ്ങാനൂര്‍ വെണ്ണിയൂര്‍ സ്വദേശി ഗില്‍ബര്‍ട്ടിന്റെ വീട്ടില്‍ മോഷണം നടന്നവിവരം പുറത്തറിയുന്നത്. ഗില്‍ബട്ടിന്റെ ഭാര്യ വിമലകുമാരിയുടെയും മകന് ബെന്സന്റെയും ഉള്‍പ്പെടെ 90 പവന് സ്വര്‍ണം വീട്ടില്‍ സൂക്ഷിച്ചിരുന്നു. ഇതില്‍ ഗില്‍ബര്‍ട്ടിന്റെ മുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 16.5 പവനും ഒരുലക്ഷം രൂപയുമാണ് നഷ്ടമായത്.
ഗില്‍ബര്‍ട്ടിന്റെ മകനും അഞ്ചലിലെ കോളേജ് ജീവനക്കാരനുമായ ബെന്‍സന്റെ മുറിയിലായിരുന്നു ബാക്കി സ്വര്‍ണാഭരണങ്ങള്‍ സൂക്ഷിച്ചിരുന്നത്. പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൂടുതല്‍ സ്വര്‍ണം നഷ്ടപ്പെട്ടില്ലെന്ന് മനസ്സിലായത്. ബെന്‍സന്റെ മുകളിലത്തെ മുറിയിലെ അലമാരകള്‍ മോഷ്ടാവ് കുത്തിത്തുറന്നെങ്കിലും അലമാരയുടെ അടിഭാഗത്തെ അറയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം നഷ്ടപ്പെട്ടിരുന്നില്ല.
വിരലടയാള വിദഗ്ധരും ഫൊറന്‍സിക് സംഘവും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. വീടിനെക്കുറിച്ചും ചുറ്റുപാടുകളെക്കുറിച്ചും വ്യക്തമായ ധാരണയുള്ളവരാണ് മോഷണത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സിസിടിവി, ഫോണ്‍ കോള്‍ വിവരങ്ങള്‍ ഉള്‍പ്പെടെ കേന്ദ്രീകരിച്ച് വിഴിഞ്ഞം പോലീസ് അന്വേഷണം ആരംഭിച്ചു.










