വൈറ്റ് ഹൗസിലിരിക്കുന്ന ഡൊണാൾഡ് ട്രംപിന്റെ മനോനിലയും ആഗോള സമ്പത് വ്യവസ്ഥയും തമ്മിൽ അഭേദ്യ ബന്ധമുണ്ടെന്ന് പറഞ്ഞാൽ അംഗീകരിക്കുകയല്ലാതെ വേറെ വഴിയില്ലെന്ന അവസ്ഥയാണുള്ളത്. സംഗതി അത്ര തമാശയല്ല. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് ആദ്യം കനത്ത തീരുവ പ്രഖ്യാപിക്കുന്നു- നമ്മുടെ അടക്കം ലോകത്തെ വിപണികളെല്ലാം ഇടിയുന്നു, പിന്നാലെ തീരുവയിൽ ഇളവ് നൽകുന്നു, വിപണി ഉണരുന്നു, ബംഗ്ലാദേശിന് ഇളവ് നൽകുന്നു, ദേ വീണ്ടും ഇന്ത്യൻ മാർക്കറ്റ് ഠിം! ഇപ്പോൾ സ്വന്തം പ്രസിഡന്റിനെ അമേരിക്കൻ സുപ്രീം കോടതി കൊട്ടിയപ്പോൾ ഉണർന്ന ഓഹരികൾ കോടതിയെല്ലാം തനിക്ക് പുല്ലാണെന്ന ട്രംപിന്റെ പിസി ജോർജ് സ്റ്റൈൽ മറുപടി വന്നശേഷം വീണ്ടും മാനത്ത് നോക്കി ഇരിക്കുകയാണ്. ഇതിനെല്ലാം പുറമേ ഇപ്പോൾ തേങ്ങയുടയ്ക്കും എന്ന മട്ടിലുള്ള ഇറാൻ-അമേരിക്ക യുദ്ധഭീതിയും കൂടിയായപ്പോൾ ആകപ്പാടെ ആടിയുലയുകയാണ്.
എന്താണ് വിഷയത്തിൽ ഇന്ത്യയുടേയും മോദിയുടേയും നിലപാട്? മൈക്കിന് മുന്നിൽ മോദിയെ മഹാനായ മനുഷ്യനെന്ന് വിളിക്കുകയും തിരിഞ്ഞു നിന്ന് കട്ടപ്പയാകുകയും ചെയ്യുന്ന ട്രംപിനെ കയ്ച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യ എന്ന അവസ്ഥയിലാണ് കേന്ദ്രം.
ഇന്ത്യ അടക്കം വിവിധ രാജ്യങ്ങൾക്ക് തീരുവ ഏർപ്പെടുത്തിയ ട്രംപിന്റെ നടപടിയെ യുഎസ് സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. തീരുവ നിയമാനുസൃതമല്ലെന്നും ദേശീയ അടിയന്തരാവസ്ഥയുമായി ബന്ധപ്പെട്ട 1977-ലെ നിയമം ദുരുപയോഗം ചെയ്തെന്നും കോടതി പറഞ്ഞു. പക്ഷേ ഇത് അംഗീകരിക്കാതെ 10% തീരുവ ട്രംപ് പ്രഖ്യാപിച്ചു. രണ്ട് ദിവസത്തിന് ശേഷം വീണ്ടും വാക്ക് മാറ്റി അത് 15 ശതമാനമാക്കി. ഇത്രയുമായപ്പോഴാണ് ഇന്ത്യയൊന്നുണർന്നത്. ട്രംപിനും മേലെ പറക്കാൻ നിർണായക നീക്കങ്ങൾ തലപുകഞ്ഞ് ആലോചിക്കുകയാണ് കേന്ദ്രം.
കരാറിന്‍റെ നിയമവശങ്ങള്‍ പരിശോധിക്കാനായി അമേരിക്ക വിളിച്ച മൂന്ന് ദിവസത്തെ യോഗത്തിൽ നിന്ന് ഇന്ത്യ വിട്ടുനിൽക്കും. നിയമവശങ്ങള്‍ പരിശോധിക്കാനായി നിശ്ചയിച്ചിരുന്ന യോഗത്തില്‍ ഇന്ത്യയില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ പങ്കെടുക്കില്ലെന്നാണ് വാണിജ്യ മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. തീരുവയില്‍ അമേരിക്കയുടെ തുടര്‍ നിലപാട് നിരീക്ഷിച്ചാകും ഇനിയുള്ള നീക്കങ്ങൾ. തീരുവ 15 ശതമാനമാക്കിയ സാഹചര്യത്തില്‍ ഇടക്കാല വ്യപാര കരാറിന്‍റെ പരിഗണന വിഷയങ്ങളില്‍ മാറ്റം വരാന്‍ സാധ്യയുണ്ട്. മാര്‍ച്ചില്‍ ഇടക്കാല കരാര്‍ ഒപ്പിടുമെന്നും ഏപ്രില്‍ മുതല്‍ കരാര്‍ പ്രബല്യത്തില്‍ വരുമെന്നുമാണ് കേന്ദ്രത്തിന്റെ ലേറ്റസ്റ്റ് അപ്ഡേറ്റ്. എന്നാൽ നിലവിലെ സാഹചര്യത്തിൽ എന്ത് സംഭവിക്കുമെന്ന കണ്ടറിയണം. ഓർക്കുക- ഇന്ത്യയുമായുള്ള കരാര്‍ 18 ശതമാനം എന്നത് മാറ്റമില്ലാതെ തുടരാൻ തന്നെയാണ് സാധ്യത. അതുപോലെ സ്വർണം, വെള്ളി തുടങ്ങിയ സുരക്ഷിത നിക്ഷേങ്ങൾക്ക് ഡിമാൻഡ് കൂടുകയും ചെയ്യും.
ഇനി നമ്മൾ മനസിലാക്കേണ്ടത്- ഇപ്പോൾ ഉപയോഗിച്ചിരിക്കുന്ന നിയമം വെച്ച് ഇങ്ങനെ പ്രഖ്യാപിക്കാൻ ട്രംപിന് അധികാരമില്ലെന്നേ കോടതി പറഞ്ഞിട്ടുള്ളൂ. അതായത്, താൻ ഉദ്ദേശിച്ച കാര്യം നടപ്പിലാക്കാൻ മറ്റൊരു നിയമത്തെ കൂട്ടുപിടിക്കാനോ അല്ലെങ്കിൽ പുതിയൊരു നിയമം തന്നെയുണ്ടാക്കാനോ ട്രംപിന് അധികം സമയം വേണ്ടെന്ന് സാരം. അമേരിക്കയെ വീണ്ടും പഴയ ലോക പോലീസാക്കും എന്ന് കിനാവ് കണ്ട് നടക്കുന്ന ട്രംപ് ഒരിക്കലും ഇന്ത്യയെ മടിയിലിരുത്തി തലോടാൻ മെനക്കെടില്ലെന്ന് യാഥാർത്യം.
ഇനിയങ്ങോട്ട് രാജ്യത്തെ ടെക്‌സ്‌റ്റൈൽസ്, ഫാർമ, രത്‌നം, മെഷിനറി എന്നീ മേഖലകളിലെ കയറ്റുമതിക്കാർക്ക് ഉറക്കമില്ലാത്ത രാത്രികളായിരിക്കും. മാർക്കറ്റ് ട്രെൻഡുകളിൽ കൂടുതൽ വ്യക്തത വരുന്നത് വരെ ഐടി മേഖലയിൽ ജാഗ്രത വേണമെന്ന് വിദഗ്ധർ പറയുന്നു. ഇറക്കുമതി ചെലവ് കുറയുന്നതിനാൽ പണപ്പെരുപ്പം താഴാൻ സഹായിച്ചേക്കും. ഇത് ട്രഷറി ബോണ്ട് നിരക്കുകളെ സ്വാധീനിക്കും. ഡോളർ മൂല്യത്തിൽ വലിയൊരു ചാഞ്ചാട്ടവും പ്രതീക്ഷിക്കാം.




