തിരുവനന്തപുരം: മെയ് 20-ന് പ്രഖ്യാപിച്ച സംയുക്ത ദേശീയ പണിമുടക്കില്‍ നിന്ന് പിന്മാറി ഐഎന്‍ടിയുസി. ഇതുസംബന്ധിച്ച് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീമിന് കത്തയച്ചു. കെപിസിസിയുടെ നിർദ്ദേശം അനുസരിച്ചാണ് ഐഎന്‍ടിയുസി സംയുക്ത സമരത്തില്‍ നിന്ന് പിന്മാറാനുളള തീരുമാനമെടുത്തത്.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പും തദ്ദേശ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പുമെല്ലാം അടുത്തിരിക്കുന്ന സാഹചര്യത്തിൽ ഇടതുപക്ഷ ട്രേഡ് യൂണിയനുമായി ചേര്‍ന്നുളള സമരപ്രക്ഷോഭങ്ങള്‍ തത്കാലം നിർത്തിവെയ്ക്കുകയാണെന്നാണ് കത്തിൽ പറയുന്നത്. സംയുക്ത പ്രക്ഷോഭത്തില്‍ പങ്കെടുക്കില്ലെങ്കിലും യുഡിഎഫില്‍ ഉള്‍പ്പെട്ടിട്ടുളള ട്രേഡ് യൂണിയനുകള്‍ പ്രത്യേകമായി പണിമുടക്കാനും പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ടെന്നും ചന്ദ്രശേഖരൻ കത്തിൽ പറയുന്നു.






