വ്യക്തി ആരാധനകൾക്കും പൂജകൾക്കും ഒരുകാലത്ത് എതിരായിരുന്ന സിപിഎമ്മിൽ ഇന്ന് അതെല്ലാം ഏറെ സജീവം തന്നെയാണ്. ഒരു ഇടവേളക്ക് ശേഷം പി ജയരാജനെ അനുകൂലിച്ച് കണ്ണൂരില്‍ ഫ്ലക്സുകള്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് വീണ്ടും അത്തരത്തിലുള്ള ചർച്ചകൾ സജീവമാകുന്നത്. തൂണിലും തുരുമ്പിലും ദൈവമുണ്ടെന്ന് പറയുന്നതുപോലെ ഈ മണ്ണിലും ജനമനസ്സിലും എന്നെന്നും സഖാവ് നിറഞ്ഞു നില്‍ക്കുമെന്നാണ് ബോര്‍ഡുകളില്‍ പറയുന്നത്. സിപിഎം ശക്തി കേന്ദ്രങ്ങളിലാണ് ഫ്ലക്സുകള്‍ സ്ഥാപിച്ചിരിക്കുന്നത്. റെഡ് യങ്‌സ് കക്കോത്ത് എന്ന പേരിലാണ് ബോർഡ്. ഈ ബോർഡ് ആണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.
വ്യക്തി ആരാധന പാടില്ലെന്നും പാര്‍ട്ടിയാണ് എല്ലാത്തിനും മുകളിലെന്നുമാണ് സിപിഎം ഭരണഘടന. സിപിഎം നേതാവ് പി ജയരാജനെ പുകഴ്‌ത്തിയുള്ള ‘കണ്ണൂരിന്‍റെ ചെന്താരകം’ എന്ന് തുടങ്ങുന്ന ഗാനം മുമ്പ് പുറത്തിറങ്ങിയിരുന്നു. പി.ജെ ആര്‍മ്മിയെന്നറിയപ്പെട്ട കണ്ണൂരിലെ പ്രാദേശിക നേതാക്കളായിരുന്നു ഇതിനു പിന്നില്‍, അന്ന് ഇതിനെ ശക്തമായി എതിര്‍ത്ത് പിണറായി വിജയൻ രംഗത്തെത്തുകയും വ്യക്തി ആരാധന പാടില്ലെന്ന് അണികള്‍ക്ക് താക്കീത് നല്‍കുകയും ചെയ്‌തിരുന്നു. അന്നത്തെ പാർട്ടി സെക്രട്ടറി പിണറായി വിജയൻ വ്യക്തി സ്തുതി ഗാനത്തെ എതിർത്തുവെങ്കിലും പിന്നീട് മുഖ്യമന്ത്രി ആയപ്പോൾ അദ്ദേഹവും അതൊക്കെ ആസ്വദിക്കുകയായിരുന്നു. പിണറായി വിജയനെ സിംഹം പോലെ ഗർജിക്കുന്ന നായകനായും ഒറ്റയ്ക്ക് വളർന്ന മരമായും വാഴ്ത്തി ചിത്രീകരിച്ച ഗാനം ‘കേരള സിഎം’ എന്ന തലക്കെട്ടോടെ ഒരു ഗാനം പോലും യൂട്യൂബിൽ റിലീസ് ചെയ്യപ്പെടുകയുണ്ടായി.
നാടിന്റെ അജയ്യനായും മലയാള നാടിന്റെ മന്നനായും പിണറായിയെ സ്തുതിക്കുന്ന പാട്ടിന്റെ വരികൾ കൗതുകവും ചിരിയുമുണര്‍ത്തുന്നതുമാണ്. ഇടതുപക്ഷ പക്ഷികളിലെ ഫീനിക്സ് എന്നാണ് ഗാനത്തിൽ പിണറായിക്കുണ്ടായിരുന്ന മറ്റൊരു വിശേഷണം. വെള്ളപ്പൊക്കവും കോവിഡുമുള്‍പ്പടെയുള്ള പ്രതിസന്ധികള്‍ പിണറായിയുടെ മുന്നേറ്റത്തിന് തുണയായതായും വീഡിയോയില്‍ പറയുന്നു. എട്ട് മിനുറ്റോളം ദൈർഘ്യമുള്ള വീഡിയോയില്‍ പിണറായിയുടെ ചെറുപ്പകാലം മുതല്‍ കൗമാരകാലം വരെ ആവിഷ്കരിക്കുന്നതാണ്. യൂട്യൂബിൽ വീഡിയോയ്ക്ക് വലിയ വിമർശനവും പരിഹാസവുമാണ് അന്ന് ഉയർന്നത്. ഇതിന് മുന്‍പ് 2022-ല്‍ തിരുവനന്തപുരം സിപിഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പിണറായി വിജയനെ സ്തുതിച്ചുകൊണ്ടുള്ള മെഗാതിരുവാതിര വലിയ വിമർശനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും ഇരയായിരുന്നു. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായിരിക്കെയായിരുന്നു 500 പേർ പങ്കെടുത്ത തിരുവാതിര.






