ത്യശൂർ: ഹൈക്കോടതി വിധി ലംഘിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ റീൽസ് ചിത്രീകരണം. ക്ഷേത്രത്തിലെ നടപ്പന്തലിലും ദീപസ്തംഭത്തിന് മുൻപിൽ നിന്നുള്ള വീഡിയോ ചിത്രീകരിച്ചാണ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. വിവാഹങ്ങൾക്കും ആചാരപരമായ കാര്യങ്ങൾക്കും മാത്രം നടപ്പന്തലിൽ വീഡിയോ ചിത്രീകരിക്കാമെന്നായിരുന്നു ഹൈക്കോടതിയുടെ വിധി. എന്നാൽ ഈ വിധി ലംഘിച്ചാണ് രാജീവ് ചന്ദ്രശേഖറിന്റെ റീൽസ് ചിത്രീകരണം.
നടപ്പന്തലിൽ കേക്ക് മുറിച്ച് റിലീസ് ചിത്രീകരിച്ച ജസ്‌ന സലീമിനെതിരെ സമൂഹ മാധ്യമങ്ങളിൽ ഉൾപ്പടെ വലിയ വിമർശനം ഉയർന്നിരുന്നു. ഇതിനെതിരെ നൽകിയ ഹർജിയിലായിരുന്നു ഹൈക്കോടതിയുടെ വിധി. സെലിബ്രിറ്റികളോ വ്ലോഗർമാരോ നടപ്പന്തലിൽ നിന്ന് വീഡിയോ ചിത്രീകരിക്കുകയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കരുതെന്നായിരുന്നു കോടതിയുടെ വിധി.






