കമ്മ്യൂണിസ്റ്റ് പാർട്ടി വ്യക്തിവികേന്ദ്രീകൃതം അല്ലെന്ന് ഏതു കാലഘട്ടത്തിലും അവർക്കിടയിൽ ഉള്ളവർ ആവർത്തിച്ച് പറയുന്ന കാര്യമാണ്. അതിൽ പാതി സത്യമുണ്ടെങ്കിലും എല്ലാക്കാലത്തും ഏതെങ്കിലും വ്യക്തികളിൽ നിന്നു തന്നെയാണ് സംസ്ഥാനത്തെ കമ്മ്യൂണിസ്റ്റ് പാർട്ടി മുന്നോട്ടു പോയിട്ടുള്ളത്. പറയുമ്പോൾ പാർട്ടിയുടെ ആശയധാരയിൽ നിന്നുകൊണ്ടും സംഘടന നയങ്ങളിൽ നിന്നുകൊണ്ടുമാണ് കാര്യങ്ങളൊക്കെ നടക്കുന്നത് എന്നതാണ് മേനിയെങ്കിലും യാഥാർത്ഥ്യം അതൊന്നുമല്ല. കൃത്യമായി കാര്യങ്ങൾ തീരുമാനിക്കാനും ഏകോപിപ്പിക്കാനും ഒക്കെ ചില കക്ഷികൾ തന്നെയുണ്ട്.
ഓരോരോ കാലഘട്ടങ്ങളിലും അങ്ങനെയുള്ള അനവധിപേർ സിപിഎം എന്ന സംഘടനയിലൂടെ അവരുടെ യാത്ര മുന്നോട്ടു കൊണ്ടുപോയിട്ടുണ്ട്. ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ പാർട്ടി സെക്രട്ടറി ആയ കാലം മുതൽക്കേ ദാ ഈ നിമിഷം വരെയും സിപിഎമ്മിനെ സദാസമയവും നയിക്കുന്ന ഒരാളാണ്. പാർട്ടിക്ക് സംസ്ഥാന സെക്രട്ടറിയായി എംവി ഗോവിന്ദൻ ഒക്കെ ഉണ്ടെങ്കിലും ചരട് പൂർണമായും മുഖ്യമന്ത്രി പിണറായി വിജയന്റെ കയ്യിലാണ്. എന്നാൽ കുറച്ചു നാളുകളായി പിണറായി വിജയന് അപ്പുറത്തേക്ക് മന്ത്രി മുഹമ്മദ് റിയാസിലേക്ക് സിപിഎമ്മിന്റെ കിരീടവും ചെങ്കോലും ലഭിക്കുന്ന കാഴ്ചയാണ് നാം കാണുന്നത്.
മന്ത്രിസഭയിലും പാർട്ടിക്ക് ഉള്ളിലും ഏറ്റവും വലിയ ഗ്ലാമർ മുഖം ഇന്ന് മുഹമ്മദ് റിയാസ് ആണ്. സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളാണ് അദ്ദേഹത്തിന്റെ ഓരോ വകുപ്പുകളിലും നടക്കുന്നത്. ഈ കരുത്തോടെയാണ് പാർട്ടിയുടെ എല്ലാ കാര്യങ്ങളിലും മുഹമ്മദ് റിയാസ് സജീവമായി ഇടപെടുന്നത്. മുഖ്യമന്ത്രിയുടെ മൗനാനുവാദത്തോടെയാണ് മുഹമ്മദ് റിയാസ് സിപിഎമ്മിന് നയിക്കുവാൻ ഇറങ്ങിയിരിക്കുന്നത്. റിയാസ് സിപിഎമ്മിനെ നയിക്കുവാൻ ഇറങ്ങുന്നതിന്റെ സൂചനകൾ കഴിഞ്ഞ സമ്മേളനകാലം മുതൽക്കേ എല്ലാവർക്കും ലഭിച്ചിരുന്നു.
വിവിധ ജില്ലാ കമ്മിറ്റികളിലും സിപിഎം സംസ്ഥാന ഘടകത്തിലും ഏറ്റവും അധികം പിന്തുണ മുഹമ്മദ് റിയാസിന് തന്നെയാണ്. എറണാകുളം ജില്ലാ കമ്മിറ്റിയുടെ പുതിയ സെക്രട്ടറിയായി യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ്.സതീഷിനെ നിയമിച്ചത് സിപിഎമ്മിന്റെ സംഘടനാതലത്തിൽ റിയാസ് പിടിമുറുക്കുന്നതിന്റെ പ്രഖ്യാപനമായി മാറി.
എറണാകുളം ഉൾപ്പെടെ മൂന്ന് ജില്ലകളിലെ നേതൃത്വം പൂർണമായും റിയാസിന്റെ നിയന്ത്രണത്തിലാണ്. മറ്റു പല ജില്ലകളിലും ഭാഗികമായും റിയാസിന് ഒപ്പമുള്ളവരാണ് ജില്ലാ കമ്മിറ്റികളിൽ ഉള്ളത്. മത്സരത്തോളമെത്തിയ കാര്യങ്ങൾക്കൊടുവിൽ വയനാട് ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കെ.റഫീഖ്, പി.മോഹനൻ സ്ഥാനം ഒഴിഞ്ഞപ്പോൾ കോഴിക്കോട് ജില്ലാ സെക്രട്ടറിയായി അവരോധിതനായ എം.മെഹബൂബ് എന്നിവരാണ് റിയാസിൻെറ നോമിനികളായ ജില്ലാ സെക്രട്ടറിമാർ. ഇവരെ കൂടാതെ കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ്, തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയി എംഎൽഎ എന്നിവരും മന്ത്രി മുഹമ്മദ് റിയാസിന്റെ വരുതിയിൽ നിൽക്കുന്നവരാണ്.
ഫലത്തിൽ 14 ജില്ലകളുളള കേരളത്തിലെ സിപിഎമ്മിന്റെ സംഘടനാ തലത്തിൽ അഞ്ച് ജില്ലാ നേതൃത്വത്തെ ഒപ്പം നിർത്താൻ റിയാസിന് കഴിയുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം. സംസ്ഥാനത്തെമ്പാടുമുളള പാർട്ടി പ്രവർത്തകരുമായി ബന്ധം പുലർത്തുന്ന മുഹമ്മദ് റിയാസിന് എല്ലാ ജില്ലകളിലും തന്നോടൊപ്പം നിൽക്കുന്ന അനുയായി വൃന്ദത്തെ വളർത്തിക്കൊണ്ടുവരാൻ സാധിച്ചിട്ടുണ്ട്. മാത്രവുമല്ല കേരളത്തിന്റെ മൂക്കിലും മൂലയിലും നടക്കുന്ന പരിപാടികളിലും മന്ത്രി എന്ന തിരക്ക് മാറ്റിവെച്ച് പങ്കെടുക്കുവാനും മുഹമ്മദ് റിയാസ് ശ്രമിക്കാറുണ്ട്.
യുവജന നേതാക്കളാണ് കൂടുതലും റിയാസിനൊപ്പമുളളത്. കൃത്യമായി പറഞ്ഞാൽ ഇപ്പോഴത്തെ സിപിഎമ്മിന്റെ യുവനിര പൂർണ്ണമായും മുഹമ്മദ് റിയാസിന് ഒപ്പം തന്നെയാണ്. 2017ലെ തൃശൂർ സംസ്ഥാന സമ്മേളനത്തിലാണ് റിയാസ് സിപിഎം സംസ്ഥാന കമ്മിറ്റിയിലെത്തുന്നത്. ഡിവൈഎഫ്ഐയുടെ അഖിലേന്ത്യാ പ്രസിഡന്റ് എന്ന നിലയിലാണ് റിയാസിനെ സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത്. 2020ൽ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെ വിവാഹം ചെയ്തതിന് പിന്നാലെ ബേപ്പൂരിൽ നിന്ന് നിയമസഭയിലേക്ക് മത്സരിക്കുകയും മന്ത്രിയാകുകയും ചെയ്തു. പക്ഷേ മുഖ്യമന്ത്രിയുടെ മകളെ വിവാഹം ചെയ്തതല്ല, മുഹമ്മദ് റിയാസ് എന്ന നേതാവിനെ മന്ത്രിസഭയിലേക്ക് വരെ എത്തിച്ചത്. മറിച്ച് അദ്ദേഹത്തിനോടുള്ള പാർട്ടിക്കാർക്ക് ഇടയിലെ സ്വീകാര്യത തന്നെയാണ്.
ആ സ്വീകാര്യതയുടെ കരുത്തോടെയാണ് റിയാസ് മുന്നോട്ടു കുതിക്കുന്നത്. 2021ലെ എറണാകുളം സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടേറിയേറ്റിൽ എത്തിയ മുഹമ്മദ് റിയാസ് കൊല്ലത്ത് നടന്ന സംസ്ഥാന സമ്മേളനത്തോടെ കേരളത്തിലെ പാർട്ടിയിലെ അവഗണിക്കാനാകാത്ത ശക്തിയായി വളരുകയായിരുന്നു. അതേസമയം, സംഘടനാതലത്തിൽ ജനകീയനായി മാറാൻ റിയാസിന് കഴിഞ്ഞത് ചെറിയ കാര്യമൊന്നുമല്ല. അത്തരത്തിൽ അതിവേഗത്തിൽ ജനസമ്മതി നേടുവാൻ കഴിയുന്ന സിപിഎം നേതാക്കൾ നന്നേ കുറവാണ്.
അതുകൊണ്ടുതന്നെയാണ് റിയാസ് എല്ലാവരുടെയും സ്നേഹ സ്വീകരണങ്ങൾ ഏറ്റുവാങ്ങി മുന്നോട്ടു കുതിക്കുന്നത്. മുഖ്യമന്ത്രിയുടെ പിന്തുണയുളളതിനാൽ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും മുഹമ്മദ് റിയാസിൻെറ നിർദ്ദേശങ്ങൾ കണക്കിലെടുക്കുന്നുണ്ട്. എം.വി ഗോവിന്ദൻ പങ്കെടുത്ത ജില്ലാ കമ്മിറ്റി യോഗങ്ങളിൽ എല്ലാം റിയാസിൻെറ കൂടി താൽപര്യം കണക്കിലെടുത്താണ് ജില്ലാ സെക്രട്ടേറിയേറ്റുകൾക്ക് രൂപം കൊടുത്തത്. പറഞ്ഞുവരുന്നത് ഇന്നത്തെ സ്ഥിതിയിൽ മുഹമ്മദ് റിയാസ് അറിയാതെ, ഭാഗവാക്ക് ആകാതെ ഒരു ഇല പോലും സിപിഎമ്മിൽ അനങ്ങില്ല എന്നതാണ്.






