കോഴിക്കോട്: കോഴിക്കോട് പയ്യാനക്കലിലെ ജിമ്മിൽ ലഹരി വിൽപ്പന. ‘ബാക്ക് ടു ഫിറ്റ്‌നസ്’ എന്ന പേരിലുള്ള ജിമ്മിൽ നടത്തിയ പരിശോധനയിൽ 200 ഗ്രാമിലധികം എംഡിഎംഎയും കഞ്ചാവും പൊലീസ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തു.
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പൊലീസും ഡാൻസാഫ് സംഘവും ചേർന്നാണ് പരിശോധന നടത്തിയത്. പിടിച്ചെടുത്ത എംഡിഎംഎയ്ക്ക് ഏകദേശം 10 ലക്ഷം രൂപയുടെ വിപണി വിലയുണ്ടെന്ന് പൊലീസ് അറിയിച്ചു.
ജിംനേഷ്യത്തിന്റെ ഉടമ ലഹരി കച്ചവടവുമായി തനിക്ക് ബന്ധമില്ലെന്ന് പറഞ്ഞു. എന്നാൽ, ഈ സംഘത്തെ കുറച്ച് നാളുകളായി പൊലീസ് നിരീക്ഷിച്ചുവരികയായിരുന്നു. പ്രദേശവാസികളിൽ നിന്ന് ഇവർക്കെതിരെ നിരവധി പരാതികൾ ലഭിച്ചിരുന്നുവെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.











