ബംഗളൂരു: മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. കെ കസ്തൂരിരംഗൻ അന്തരിച്ചു. 84 വയസായിരുന്നു. ബെംഗളൂരുവിലെ വസതിയിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം. 1994 മുതൽ 2003 വരെ 9 വർഷം ഐഎസ്ആർഒയുടെ മേധാവിയായിരുന്നു അദ്ദേഹം. പിന്നീട് 2003 മുതൽ 2009 വരെ രാജ്യസഭാ എംപിയായി. പദ്മവിഭൂഷൻ പുരസ്കാരം നൽകി രാജ്യം ആദരിച്ച ശാസ്ത്രജ്ഞൻ. സ്പേസ് കമ്മീഷൻ, കേന്ദ്ര സര്‍ക്കാരിന്റെ സ്‌പേസ് വകുപ്പ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഐഎസ്ആർഒയിൽ ഇന്ത്യയുടെ ആദ്യ ഭൗമ നിരീക്ഷണ ഉപഗ്രഹങ്ങളായ ആര്യഭട്ട, ഭാസ്കര എന്നിവയുടെ പ്രോജക്‌ട് ഡയറക്‌ടറായിരുന്നു. പിന്നീട് വിദൂര സംവേദന (ഐആർഎസ്) ഉപഗ്രങ്ങളുടെ പ്രോജക്‌ട് ഡയറക്‌ടറായി. 1994 മാർച്ച് 31ന് ഐഎസ്ആർഒ ചെയർമാനായി സ്ഥാനമേറ്റ അദ്ദേഹം, മേയിൽ 114 കിലോ ഭാരമുളള ഐആർഎസ് ഉപഗ്രഹ വിക്ഷേപണത്തിനു സമർത്ഥമായ നേതൃത്വം നൽകി.
2003 -2009 കാലത്ത് രാജ്യസഭാംഗമായിരുന്നു. ആസൂത്രണ കമ്മീഷൻ അംഗവും ജവഹർലാൽ നെഹ്റു സർവകലാശാല വൈസ് ചാൻസലറും കർണാടക വിജ്ഞാന കമ്മീഷൻ അംഗവുമായിരുന്നു. ബെംഗളൂരുവിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ഡയറക്ടറായും പ്രവർത്തിച്ചു. 1982ൽ പത്മശ്രീയും 1992ൽ പത്മഭൂഷണും 2000ൽ പത്മവിഭൂഷണും നൽകി രാജ്യം ആദരിച്ചു.



