റിയാദ്: സൗദി അറേബ്യയിൽ കിഴക്കൻ പ്രവിശ്യയിൽ അബുഹദ്‌രിയ്യ റോഡിൽ ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ മലയാളി ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർ മരിച്ചു. കണ്ണൂർ ചെണ്ടയാട് സ്വദേശിയായ അഭിലാഷ് ഗോപാലകുറുപ്പ് (33) ആണ് മരിച്ച മലയാളി. ഗോപാലക്കുറുപ്പിന്റെയും പദ്മാവതിയുടെയും മകനാണ് അദ്ദേഹം. അപകടത്തിൽ ബസ് നിയന്ത്രണം വിട്ട് ലാൻഡ് റോവറുമായി കൂട്ടിയിടിക്കുകയായിരുന്നു.
ലാൻഡ് റോവർ ഓടിച്ചിരുന്ന സൗദി പൗരൻ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. വാഹനത്തിലുണ്ടായിരുന്ന സൗദി സ്വദേശിനിയായ സ്ത്രീക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ഉടൻ അൽ നൈരിയ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ചവരുടെ മൃതദേഹങ്ങൾ നിലവിൽ ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അപകടവുമായി ബന്ധപ്പെട്ട് ജുബൈൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിയമനടപടികൾ വേഗത്തിലാക്കാൻ പ്രവാസി സംഘടനകൾ ശ്രമം തുടരുന്നതായി അധികൃതർ അറിയിച്ചു.






