കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ ജനറൽ ബോഡി യോഗം ഇന്ന് നടക്കാനിരിക്കെ സംഘടനയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ട്രഷറർ ഉണ്ണിശിവപാൽ . സംഘടനയിൽ നീതി നിഷേധം നടക്കുകയാണെന്നും ഓഫീസ് സ്റ്റാഫ് നൽകിയ പരാതിയിൽ തന്റെ ഭാഗം കേൾക്കാൻ പോലും തയ്യാറായില്ലെന്നും അദ്ദേഹം ആരോപിച്ചു.
സംഘടനയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിലൂടെയാണ് ഉണ്ണിശിവപാൽ നേതൃത്വത്തിനെതിരെ തുറന്ന വിമർശനം ഉന്നയിച്ചത്. പരാതികൾ പരിഗണിക്കുന്നതിലും തീരുമാനങ്ങൾ എടുക്കുന്നതിലും നീതിപൂർവമായ സമീപനം ഉണ്ടായില്ലെന്നാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ
അതേസമയം, സംഘടനയ്ക്കുള്ളിലെ വിവിധ വിവാദങ്ങളും പരാതികളും ചർച്ച ചെയ്യാനാണ് ഇന്ന് ജനറൽ ബോഡി യോഗം ചേരുന്നത്. നടി അൻസിബ ഹസൻ ഉന്നയിച്ച പരാതികളും സംഘടനയിലെ ആഭ്യന്തര ഭിന്നതകളും ഉൾപ്പെടെ നിരവധി വിഷയങ്ങൾ യോഗത്തിൽ പരിഗണിക്കുമെന്നാണ് സൂചന.
മുതിർന്ന താരങ്ങളായ മമ്മൂട്ടി, മോഹൻലാൽ എന്നിവർ ഉൾപ്പെടെയുള്ള പ്രമുഖ അംഗങ്ങൾ യോഗത്തിൽ പങ്കെടുക്കുമെന്നാണ് വിവരം. സംഘടനയ്ക്കുള്ളിലെ അഭിപ്രായ ഭിന്നതകൾക്ക് പരിഹാരം കാണാനുള്ള നിർണായക യോഗമായാണ് ഇന്നത്തെ ജനറൽ ബോഡി വിലയിരുത്തപ്പെടുന്നത്.
ഇതിനിടെ, നടൻ ടിനി ടോമിനെതിരെ അൻസിബ ഹസൻ നൽകിയ പരാതിയിൽ ഇതുവരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. പരാതിയിൽ പ്രാഥമിക അന്വേഷണത്തിൽ കഴമ്പില്ലെന്നാണ് പൊലീസിന്റെ നിലപാട്. നേരത്തെ ഇരുവരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു.






