തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ടൂറിസം ഡിവിഷൻ ആരംഭിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ. കെഎസ്ആർടിസിയുടെ നേതൃത്വത്തിൽ ഭാരത് ദർശൻ യാത്രകൾ ആരംഭിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു. കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ ലക്ഷദ്വീപ്, ഹൈദരാബാദ് ലക്ഷ്വറി പാക്കേജ് സർവീസുകളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ബജറ്റ് ടൂറിസം സെല്ലിനായി തയ്യാറാക്കിയ പുതിയ സോഫ്റ്റ്‌വെയറിന്റെയും വെയിറ്റിങ് ലിസ്റ്റ് സംവിധാനത്തിന്റെയും ഉദ്ഘാടനം തമ്പാനൂർ ഹോട്ടൽ ചൈത്രത്തിൽ നടന്ന ചടങ്ങിൽ മന്ത്രി നിർവഹിച്ചു. പുതിയ സോഫ്റ്റ്‌വെയർ നിലവിൽ വന്നതോടെ യാത്രക്കാർക്ക് ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാം. ഇന്ത്യൻ റെയിൽവേ മാതൃകയിൽ കെഎസ്ആർടിസി ടിക്കറ്റ് റിസർവേഷനിലും വെയിറ്റിങ് ലിസ്റ്റ് സംവിധാനം ഏർപ്പെടുത്തും.
കെഎസ്ആർടിസി ബസുകൾ ലീസിന് നൽകുന്ന പദ്ധതിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. തന്റെ എംഎൽഎ ഫണ്ടിൽനിന്ന് രണ്ട് ബസുകൾ തിരുവനന്തപുരം ജില്ലയ്ക്ക് സംഭാവന ചെയ്യുമെന്നും മന്ത്രി അറിയിച്ചു.
ജലഗതാഗത വകുപ്പിനെയും കെഎസ്ആർടിസിയെയും സംയോജിപ്പിച്ച് പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകാനും തീരുമാനമായി. ജലഗതാഗത വകുപ്പ് സിയാലിൽനിന്ന് വാടകയ്‌ക്കെടുത്ത സോളാർ ബോട്ടുകളിൽ സെപ്റ്റംബർ 30 മുതൽ പാർവതി പുത്തനാറിൽ ബോട്ടിങ് ആരംഭിക്കും. വിഴിഞ്ഞം തുറമുഖത്തുനിന്നുള്ള ചരക്കുനീക്കത്തിൽ പങ്കാളിയാകുന്നതിനുള്ള ചർച്ചകളും കെഎസ്ആർടിസി ആരംഭിച്ചു. ഇതിനായി ട്രക്കുകൾ വാടകയ്‌ക്കെടുക്കുമെന്നും മന്ത്രി അറിയിച്ചു.
ആദ്യ ലക്ഷദ്വീപ് യാത്രയ്ക്കായി തെരഞ്ഞെടുക്കപ്പെട്ട 10 യാത്രക്കാർക്കും ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ സംസ്ഥാനതലത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച ജീവനക്കാർക്കും യൂണിറ്റുകൾക്കും മന്ത്രി ഉപഹാരങ്ങൾ നൽകി. തമ്പാനൂർ വാർഡ് കൗൺസിലർ ആർ. ഹരികുമാർ അധ്യക്ഷത വഹിച്ചു. കെഎസ്ആർടിസി സി.എം.ഡി ഡോ. പി.എസ്. പ്രമോജ് ശങ്കർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.
ഹൈദരാബാദ് യാത്രയ്ക്കായി രണ്ട് പാക്കേജുകളാണ് ഒരുക്കിയിരിക്കുന്നത്. മൂന്ന് പകലും രണ്ട് രാത്രിയും, രണ്ട് പകലും ഒരു രാത്രിയും ഉൾപ്പെടുന്നതാണ് പാക്കേജുകൾ. താമസം, ഭക്ഷണം, വിനോദസഞ്ചാര കേന്ദ്രങ്ങളിലെ പ്രവേശന ഫീസ് എന്നിവ പാക്കേജിൽ ഉൾപ്പെടും.
കൊച്ചിയിൽനിന്ന് വിമാനമാർഗം ആരംഭിച്ച് അഗത്തി, കൽപ്പിട്ടി ദ്വീപുകൾ സന്ദർശിക്കുന്നതാണ് ലക്ഷദ്വീപ് പാക്കേജ്. മൂന്ന് രാത്രിയും നാല് പകലും നീളുന്ന യാത്ര സാധാരണക്കാർക്ക് താങ്ങാനാകുന്ന നിരക്കിലാണ് ക്രമീകരിച്ചിരിക്കുന്നത്.













