കോഴിക്കോട്: സിപിഎം വേദിയിലെ വിവാദ വഖഫ് പ്രസംഗവുമായി ബന്ധപ്പെട്ട് ഉമർ ഫൈസി മുക്കത്തിനെ സമസ്ത മുശാവറയിൽനിന്ന് സസ്പെൻഡ് ചെയ്യാൻ നീക്കം. ഇന്ന് ചേരുന്ന മുശാവറ യോഗത്തിൽ വിഷയം ചർച്ച ചെയ്യും.
വഖഫ് ബോർഡിൽ ആർ.എസ്.എസ് അംഗങ്ങളെ ഉൾപ്പെടുത്താൻ യുഡിഎഫ് സർക്കാർ ശ്രമിക്കുന്നുവെന്നായിരുന്നു ഉമർ ഫൈസി മുക്കത്തിന്റെ വിവാദ പ്രസംഗം. മലപ്പുറത്ത് സിപിഎം സംഘടിപ്പിച്ച വഖഫ് വിശദീകരണ യോഗത്തിലായിരുന്നു പരാമർശം.
വഖഫ് ബോർഡ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് യുഡിഎഫ് സർക്കാരിനും മുസ്‌ലിം ലീഗിനുമെതിരെയായിരുന്നു സമസ്ത മുശാവറ അംഗം കൂടിയായ ഉമർ ഫൈസിയുടെ പ്രസംഗം. വ്യാജ പ്രചാരണത്തിന് സമസ്തയുടെ പദവി ഉപയോഗിക്കുന്നുവെന്നാരോപിച്ച് പരാതി ഉയർന്നിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് സസ്പെൻഡ് ചെയ്യാനുള്ള നീക്കം.
ലീഗ് അനുകൂലികളായ നാസർ ഫൈസി കൂടത്തായി, എം.സി. മായീൻ ഹാജി എന്നിവരെയും സസ്പെൻഡ് ചെയ്യാൻ നീക്കമുണ്ട്. സമസ്ത നേതൃത്വത്തിനെതിരെ പ്രചാരണം നടത്തിയെന്ന പരാതിയിലാണ് ഇവർക്കെതിരെയും നടപടിയെന്നാണ് വിവരം.
അതേസമയം, ആലിക്കുട്ടി മുസ്‌ലിയാരുടെ മരണത്തെ തുടർന്ന് ഒഴിവുവന്ന സമസ്ത ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് എം.ടി. അബ്ദുള്ള മുസ്‌ലിയാരെ നിയമിക്കാനും മുശാവറ യോഗത്തിൽ തീരുമാനമുണ്ടായേക്കും.















