കൊല്ലം: നീണ്ടകരയിൽ കടലിൽ കാണാതായ ഗൗതം കൃഷ്ണയ്ക്ക് 55 ദിവസത്തെ കാത്തിരിപ്പിനൊടുവിൽ കുടുംബം അന്ത്യകർമ്മം നടത്തി. മകൻ തിരിച്ചെത്തുമെന്ന പ്രതീക്ഷ അസ്തമിച്ചതോടെയാണ് ഗൗതം കൃഷ്ണയുടെ രൂപം തടിയിൽ തീർത്ത് ചിതയിൽ ദഹിപ്പിച്ചത്. അമ്മ രേഷ്മയാണ് മകന്റെ രൂപം തടിയിൽ തീർത്തത്.
കഴിഞ്ഞ ജൂലൈ 31ന് നീണ്ടകരയിൽ നിന്ന് മീൻപിടിക്കാൻ പോയ ‘ശ്രീകൃഷ്ണഭഗവാൻ കുറുവടിക്കാരൻ’ എന്ന ഔട്ട്ബോർഡ് ഫൈബർ വള്ളം അപകടത്തിൽപ്പെട്ടതിനെ തുടർന്നാണ് ഗൗതം കൃഷ്ണയെ കാണാതായത്. അപകടത്തിൽ ഗൗതം കൃഷ്ണയുടെ പിതാവ് രാധാകൃഷ്ണന്റെയും അമ്മയുടെ പിതാവ് രാജീവന്റെയും മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. എന്നാൽ ഗൗതം കൃഷ്ണയ്ക്കായുള്ള തിരച്ചിൽ ഫലം കണ്ടില്ല.
തിരച്ചിൽ ഊർജിതമല്ലെന്ന് ആരോപിച്ച് കുടുംബം നേരത്തെ അധികൃതർക്കെതിരെ പ്രതിഷേധിച്ചിരുന്നു. ആഴ്ചകളും മാസങ്ങളും പിന്നിട്ടിട്ടും മകനെ കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് കുടുംബം അന്ത്യകർമ്മങ്ങൾ നടത്താൻ തീരുമാനിച്ചത്.
അതേസമയം, കുടുംബത്തിന് ഇതുവരെ സർക്കാരിൽ നിന്ന് യാതൊരു സഹായവും ലഭിച്ചിട്ടില്ലെന്ന് അമ്മ രേഷ്മ പറഞ്ഞു. കുടുംബത്തിന്റെ ഏക വരുമാനമാർഗമായിരുന്ന വള്ളം അപകടത്തിൽ നഷ്ടപ്പെട്ടതിനു പുറമെ ഭർത്താവിനെയും മകനെയും പിതാവിനെയും നഷ്ടപ്പെട്ടതോടെ കുടുംബം കടുത്ത പ്രതിസന്ധിയിലാണെന്നും അവർ പറഞ്ഞു.
ഇളയ മകന് ജോലി നൽകണമെന്നായിരുന്നു കുടുംബത്തിന്റെ പ്രധാന ആവശ്യം. ജോലി നൽകാമെന്ന് പലരും ഉറപ്പ് നൽകിയിരുന്നെങ്കിലും ഇതുവരെ അത് നടപ്പായിട്ടില്ലെന്നാണ് രേഷ്മയുടെ ആരോപണം. മുഖ്യമന്ത്രിയെയും ഫിഷറീസ് മന്ത്രിയെയും ജില്ലയുടെ ചുമതലയുള്ള മന്ത്രി ഷിബു ബേബി ജോണിനെയും കണ്ട് നിവേദനം നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും അവർ പറഞ്ഞു.
“കുടുംബത്തിന് മുന്നോട്ട് പോകാനുള്ള ഏക വഴി ഒരു ജോലിയാണ്. പലരും ജോലി നൽകാമെന്ന് ഉറപ്പ് നൽകിയിരുന്നു. എന്നാൽ പറഞ്ഞ കാര്യങ്ങളൊന്നും നടപ്പായില്ല. സഹായം ഏതെങ്കിലും സമയത്ത് ലഭിച്ചിട്ട് കാര്യമില്ല,” രേഷ്മ പറഞ്ഞു.
മലപ്പുറത്തുണ്ടായ അപകടത്തിന് പിന്നാലെ വിഷയം അടിയന്തരമായി പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നെങ്കിലും എട്ട് ആഴ്ച പിന്നിട്ടിട്ടും തങ്ങളുടെ പ്രശ്നത്തിൽ നടപടിയുണ്ടായിട്ടില്ലെന്നും രേഷ്മ ആരോപിച്ചു. പരിഗണനയ്ക്ക് പകരം അവഗണനയാണ് തങ്ങൾക്ക് ലഭിക്കുന്നതെന്നും അവർ പറഞ്ഞു.



