തിരുവനന്തപുരം: ബൈക്കിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 105 ഗ്രാം എംഡിഎംഎയുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. ആര്യനാട് സ്വദേശി ആരോമൽ (21) ആണ് വിളപ്പിൽശാലയിൽ വെച്ച് അറസ്റ്റിലായത്.
ആരോമൽ സഞ്ചരിച്ചിരുന്ന മോട്ടോർ സൈക്കിളിൽ ഒളിപ്പിച്ച നിലയിലാണ് എംഡിഎംഎ കണ്ടെത്തിയത്. നെടുമങ്ങാട്, ആര്യനാട്, മലയിൻകീഴ് മേഖലകളിലെ സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് വിദ്യാർഥികൾക്ക് ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് പിടിയിലായ യുവാവെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.
തിരുവനന്തപുരം എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡിലെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ റെജിലാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.
പ്രിവന്റീവ് ഓഫീസർമാരായ രഞ്ജിത് ആർ.എസ്, അജയൻ കെ, വിശാഖ് എം, സിവിൽ എക്സൈസ് ഓഫീസർമാരായ വിനോദ് വി.വി, ആരോമൽ രാജൻ, അക്ഷയ് അനിൽ ശ്രീ, ഗോകുൽ, ഹരിപ്രസാദ്, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ ഹരിത മോഹൻ, ആര്യകൃഷ്ണൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു. പ്രതിക്കെതിരെ നിയമപരമായ തുടർനടപടികൾ സ്വീകരിച്ചതായി എക്സൈസ് അറിയിച്ചു.


