സൂറത്ത്: 10,000 രൂപയുടെ ശമ്പള കുടിശ്ശിക ലഭിക്കാത്തതിന് കടുംകൈ ചെയ്ത് തൊഴിലാളി. സൂറത്തിലെ ശ്യാം സംഗിനി ടെക്സ്റ്റൈൽ മാർക്കറ്റിൽ സെപ്റ്റംബർ 9ന് ഉണ്ടായ തീപിടിത്തം അപകടമല്ലെന്നും തൊഴിലുടമയുടെ കടയ്ക്ക് ജീവനക്കാരൻ മനഃപൂർവം തീയിട്ടതാണെന്നും പൊലീസ് കണ്ടെത്തി. സംഭവത്തിൽ 14 കടകൾ കത്തിനശിക്കുകയും ഏകദേശം 24 കോടി രൂപയുടെ തുണിത്തരങ്ങൾ ഉൾപ്പെടെയുള്ള സാധനങ്ങൾ നശിക്കുകയും ചെയ്തു.
സംഭവവുമായി ബന്ധപ്പെട്ട് 33കാരനായ അക്കൗണ്ടന്റ് വിനോദ് പണ്ഡിറ്റ് സാവലെയെ സൂറത്ത് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. മാർക്കറ്റിലെ ആറാം നിലയിലെ ഒരു കടയിൽ അക്കൗണ്ടന്റായി ജോലി ചെയ്തുവരികയായിരുന്നു വിനോദ്. എന്നാൽ ഇയാൾക്ക് തൊഴിലുടമയുമായി 10,000 രൂപയുടെ കുടിശ്ശികയെച്ചൊല്ലി തർക്കമുണ്ടായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
2026 ഏപ്രിലിലാണ് വിനോദ് പ്രതിമാസം ഏകദേശം 30,000 രൂപ ശമ്പളത്തിൽ ജോലിയിൽ പ്രവേശിച്ചത്. പിന്നീട് തൊഴിലുടമയുമായി തർക്കമുണ്ടായതിനെ തുടർന്ന് ഇയാൾ ജോലി ഉപേക്ഷിച്ചു. എന്നാൽ 10,000 രൂപയെച്ചൊല്ലിയുള്ള തർക്കമാണ് തീപിടിത്തത്തിന് കാരണമെന്നാണ് പൊലീസിന്റെ നിഗമനം.
അതേസമയം, കടയ്ക്ക് നേരത്തെ തീയിടാൻ വിനോദ് ശ്രമിച്ചിരുന്നെങ്കിലും ശ്രമം പരാജയപ്പെട്ടതായി അന്വേഷണ സംഘം കണ്ടെത്തി. തുടർന്ന് ഏകദേശം 150 രൂപയുടെ പെട്രോൾ വാങ്ങി വീണ്ടും തീയിടാൻ പദ്ധതിയിട്ടെന്നാണ് പൊലീസ് പറയുന്നത്. സിസിടിവി ദൃശ്യങ്ങളിൽ മുഖം വെള്ള തൂവാലകൊണ്ട് മറച്ച ഒരാൾ തോളിൽ ബാഗുമായി മാർക്കറ്റിലേക്ക് പ്രവേശിക്കുന്നത് കണ്ടെത്തി. ഇയാൾ വിനോദാണെന്ന് സ്ഥിരീകരിച്ചതായും പൊലീസ് പറഞ്ഞു. പ്ലാസ്റ്റിക് ബാഗിലും കുപ്പിയിലുമായി ഇന്ധനം കൊണ്ടുവന്ന ഇയാൾ സെപ്റ്റംബർ 8ന് രാത്രി ഒമ്പത് മണിയോടെ മാർക്കറ്റിലെത്തി. മാർക്കറ്റ് വിജനമായതോടെ കടയ്ക്ക് പുറത്ത് സൂക്ഷിച്ചിരുന്ന തുണിക്കെട്ടുകളിലും പാഴ്സലുകളിലും പെട്രോൾ ഒഴിച്ച് തീയിട്ട ശേഷം ഇയാൾ രക്ഷപ്പെട്ടെന്നാണ് പൊലീസ് പറയുന്നത്.














