കോട്ടയം: പാലായിൽ വാക്ക് തർക്കത്തിനിടെ ഒരാൾ കുത്തേറ്റു മരിച്ചു. വള്ളിച്ചിറ വലിയകാലായിൽ പി.ജെ.ബേബി (60) ആണ് മരിച്ചത്. വക്കീൽ ബേബി എന്ന് വിളിക്കുന്ന വള്ളിച്ചിറ ആരംകുഴക്കൽ എ.എൽ.ഫിലിപ്പോസ് ആണ് ബേബിയെ കുത്തികൊലപ്പെടുത്തിയത്. ഫിലിപ്പോസിന്റെ പേരിലുള ഹോട്ടൽ ആറു മാസമായി മറ്റൊരാൾക്ക് ദിവസ വാടകയ്ക്ക് നൽകിയിരിക്കുകയാണ്. ഇവിടെ ചായ കുടിക്കാൻ എത്തിയതായിരുന്നു ഇരുവരും.
ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നു. പരസ്പര ജാമ്യത്തിൽ സഹകരണ ബാങ്കിൽനിന്നു വായ്പയും എടുത്തതിനെ സംബന്ധിച്ച് ഇരുവരും തമ്മിൽ കാലങ്ങളായി തർക്കം നിലനിന്നിരുന്നു. രാവിലെ ഹോട്ടലിൽ എത്തിയപ്പോൾ പരസ്പരം തർക്കിക്കുകയും ഫിലിപ്പോസ് കത്തിയെടുത്ത് ബേബിയെ കുത്തുകയുമായിരുന്നു.
ആക്രമണത്തിൽ നെഞ്ചിൽ കുത്തേറ്റ ബേബി മരിച്ചു. മൃതദേഹം പാലായിലെ സ്വകാര്യ ആശുപത്രിയിൽ സോക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടു നൽകും. സംഭവത്തിനു പിന്നാലെ ഓടി രക്ഷപ്പെട്ട ഫിലിപ്പോസിനായി തിരച്ചിൽ പോലീസ് ഊർജ്ജിതമാക്കി.






