തിരുവനന്തപുരം: ഇടപാടുകാർ അറിയാതെ ലക്ഷക്കണക്കിന് രൂപയുടെ അധിക വായ്പ അനുവദിച്ചെന്ന പരാതിയിൽ ശ്രീറാം ഫിനാൻസിനെതിരെ വ്യാപക പരാതി. സ്ഥാപനത്തിൽ നിന്ന് നേരത്തെ വായ്പ എടുത്ത നിരവധി പേരാണ് പരാതിയുമായി രംഗത്തെത്തിയത്.
തങ്ങളുടെ പേരിൽ അറിയാതെ പുതിയ വായ്പകൾ എടുത്തതായി പലരും ആരോപിക്കുന്നു. പുതിയ വായ്പയ്ക്ക് അപേക്ഷിച്ചപ്പോഴാണ് സിബിൽ സ്കോർ കുറഞ്ഞതായി ചിലരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് തങ്ങളുടെ പേരിൽ ശ്രീറാം ഫിനാൻസിൽ വായ്പ എടുത്തിട്ടുണ്ടെന്ന് മനസ്സിലായതെന്നാണ് പരാതിക്കാർ പറയുന്നത്. ആറ് ലക്ഷം മുതൽ 30 ലക്ഷം രൂപ വരെയുള്ള വായ്പകളാണ് പലരുടെയും പേരിൽ അനുവദിച്ചതെന്നാണ് പരാതി. കോഴിക്കോട്, വയനാട്, ഇടുക്കി ജില്ലകളിൽ നിന്നാണ് കൂടുതൽ പരാതികൾ ഉയർന്നിരിക്കുന്നത്.
സംഭവത്തിൽ സാങ്കേതിക തകരാറാണ് ഉണ്ടായതെന്നാണ് ശ്രീറാം ഫിനാൻസിന്റെ വിശദീകരണം. പ്രശ്നം ഉടൻ പരിഹരിക്കുമെന്നും സ്ഥാപനം അറിയിച്ചു. എന്നാൽ സംഭവത്തെക്കുറിച്ച് കൂടുതൽ വിശദീകരണം നൽകാൻ അധികൃതർ തയ്യാറായിട്ടില്ല.


