കൊച്ചി: ലക്ഷദ്വീപിൽ പട്രോളിങ് ഡ്യൂട്ടിക്കിടെ ബോട്ട് മറിഞ്ഞ് കാണാതായ രണ്ട് പൊലീസുകാർക്കായുള്ള തിരച്ചിൽ ഒരാഴ്ച പിന്നിട്ടിട്ടും ഫലം കണ്ടില്ല. പൊലീസ്, മത്സ്യത്തൊഴിലാളികൾ, കോസ്റ്റ് ഗാർഡ് എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ തിരച്ചിൽ തുടരുകയാണ്. ആന്ത്രോത്ത് ദ്വീപ് സ്വദേശി ഹിദായത്തുള്ള, കവരത്തി സ്വദേശി നബീൽ എന്നിവരെയാണ് കാണാതായത്.
വിപുലമായ പരിശോധനകൾ നടത്തിയെങ്കിലും ഇരുവരെയും കുറിച്ച് ഇതുവരെ സൂചനകളൊന്നും ലഭിച്ചിട്ടില്ല. ഇന്നും നാളെയും പ്രതികൂല കാലാവസ്ഥയുണ്ടാകുമെന്ന മുന്നറിയിപ്പ് രക്ഷാപ്രവർത്തനങ്ങൾക്ക് തിരിച്ചടിയാകുമെന്നാണ് ആശങ്ക. കേരള-ലക്ഷദ്വീപ് തീരങ്ങളിൽ ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പും അധികൃതർക്ക് വെല്ലുവിളിയാണ്. കടൽക്ഷോഭം ശക്തമായാൽ തിരച്ചിൽ നടപടികളെ ഇത് പ്രതികൂലമായി ബാധിച്ചേക്കും.











