കൊച്ചി: എറണാകുളം- ബെംഗളൂരു വന്ദേഭാരത് ഫ്ലാഗ് ഓഫ് ചടങ്ങിൽ വന്ദേമാതരം ആലപിക്കാത്തതിനെതിരെ ബിജെപി നടത്തിയ പ്രതിഷേധം തള്ളി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ദേശീയ ഗീതം ആലപിക്കുന്നതിന് പ്രത്യേക പ്രോട്ടോക്കോൾ ഉണ്ടെന്നും ഉദ്ഘാടന ചടങ്ങിൽ അത് പാലിക്കാൻ സാധിക്കാതിരുന്നതിനാലാണ് വന്ദേമാതരം ആലപിക്കാതിരുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു. ഇക്കാര്യം ബിജെപി പ്രവർത്തകരെ അറിയിച്ചിരുന്നെന്നും അവർക്ക് കാര്യങ്ങൾ മനസിലായതായും മന്ത്രി വ്യക്തമാക്കി.
16 കോച്ചുകളാക്കി ഉയർത്തിയ എറണാകുളം- ബെംഗളൂരു വന്ദേഭാരത് ട്രെയിൻ ഇന്നലെ സുരേഷ് ഗോപി ഫ്ലാഗ് ഓഫ് ചെയ്തിരുന്നു. ചടങ്ങിന് പിന്നാലെയാണ് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലെ വേദിയിൽ ബിജെപി നേതാക്കൾ കുത്തിയിരുന്ന് പ്രതിഷേധിച്ചത്.
ചടങ്ങിൽ വന്ദേമാതരം ആലപിക്കാത്തതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. പിന്നീട് സുരേഷ് ഗോപി വിഷയത്തിൽ ഇടപെട്ട് ഉദ്യോഗസ്ഥരുമായി സംസാരിച്ചതായി ബിജെപി നേതൃത്വം അറിയിച്ചു. ഇതിന് പിന്നാലെ പ്രതിഷേധം അവസാനിപ്പിച്ചു.


