പത്തനംതിട്ട: തിരുവല്ല മനക്കച്ചിറയില്‍ ഓടിക്കൊണ്ടിരുന്ന ടോറസ് ലോറിക്ക് തീപിടിച്ചു. തിരുവല്ല കുമ്പഴ (ടികെ) റോഡിലൂടെ തിരുവല്ല ഭാഗത്തേക്കു വരികയായിരുന്ന ലോറിയിലാണ് തീപിടിച്ചത്. സംഭവം നടന്നയുടനെ ഡ്രൈവര്‍ ലോറിയില്‍നിന്ന് ഇറങ്ങി ഓടിയതിനാല്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു.
ഉച്ചകഴിഞ്ഞ് 3.15ന് ആയിരുന്നു അപകടം. ടോറസ് സഞ്ചരിച്ചിരുന്ന അതേ ദിശയില്‍ ഏതാനും വാഹനങ്ങള്‍ക്കു മുന്നിലായി പോയിരുന്ന കാര്‍ പോക്കറ്റ് റോഡിലേക്കു തിരിയാനായി വേഗം കുറച്ചതോടെ പിന്നാലെ പോയിരുന്ന മറ്റ് വാഹനങ്ങളും വേഗം കുറച്ചു. എന്നാല്‍ ടോറസ് ലോറിക്ക് നിയന്ത്രണം നഷ്ടപ്പെട്ട് മുന്നിലുണ്ടായിരുന്ന വാഹനങ്ങളില്‍ ഇടിക്കുകയും തീപിടിക്കുകയുമായിരുന്നു. ലോറിയുടെ അടിഭാഗത്തുനിന്ന് തീപടര്‍ന്നു തുടങ്ങിയപ്പോള്‍ തന്നെ മുന്നില്‍ ഉണ്ടായിരുന്ന വാഹനങ്ങള്‍ സുരക്ഷിത അകലത്തിലേക്ക് ഓടിച്ചുമാറ്റി.
ഇതിനു പിന്നാലെയാണ് ടോറസ് പൂര്‍ണമായും കത്തിനശിച്ചത്. അപകടത്തെത്തുടര്‍ന്നു വലിയ രീതിയില്‍ തീയും പുകപടലവും ഉയര്‍ന്നതിനാല്‍ പത്തനംതിട്ട തിരുവല്ല നഗരങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാനപാതയില്‍ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. നാഷനല്‍ ഹൈവേ നിര്‍മാണത്തിന് ആവശ്യമായ സാമഗ്രികളുമായി പോയ ലോറിയാണ് അപകടത്തില്‍പെട്ടത്. അഗ്‌നിരക്ഷാ സേന എത്തി തീഅണച്ചു.






