വാഷിങ്ടന്‍: അമേരിക്കയിലെ ഡയറി ഫാമുകളില്‍ H5N1 പക്ഷിപ്പനി വ്യാപിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് ആരോഗ്യ വിദഗ്ധര്‍. 2024 മാര്‍ച്ച് മുതല്‍ തുടങ്ങിയ വ്യാപനം ആയിരത്തോളം കന്നുകാലികളില്‍ പടരുകയും എഴുപത് മനുഷ്യരില്‍ സ്ഥിരീകരിക്കുകയും ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
സസ്തനികളില്‍ പക്ഷിപ്പനി വൈറസിന്റെ തുടര്‍ച്ചയായ സാന്നിധ്യം ജനിതകവ്യതിയാന സാധ്യത വര്‍ധിപ്പിക്കുകയും അത് പിന്നീട് മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്ക് പകരുന്ന രീതിയിലെത്തിക്കുമെന്നും ഗ്ലോബല്‍ വൈറസ് നെറ്റ്വര്‍ക്ക്(ജിവിഎന്‍) മുന്നറിയിപ്പ് നല്‍കുന്നുണ്ട്. നിരീക്ഷണം ശക്തമാക്കുകയും ടെസ്റ്റുകള്‍ വിപുലപ്പെടുത്തുകയും വാക്‌സിനേഷന്‍ വ്യാപകമാക്കുകയും ചെയ്ത് രോഗവ്യാപന സാധ്യതയ്ക്ക് തടയിടണമെന്നും ജിവിഎന്‍ വ്യക്തമാക്കുന്നു.
വൈറസിന് അടുത്തിടെയുണ്ടായ ജനിതക വ്യതിയാനങ്ങള്‍ക്കൊപ്പം മൃഗങ്ങളേയും മനുഷ്യരേയും ബാധിക്കാനുള്ള കഴിവും ആശങ്കപ്പെടുത്തുന്നതാണെന്നും നിരീക്ഷണം ശക്തമാക്കി അടിയന്തര പ്രതിരോധ നടപടികള്‍ കൈക്കൊള്ളേണ്ടതുണ്ടെന്നും ജിവിഎന്‍ ചീഫ് മെഡിക്കല്‍ ഓഫീസറായ സ്റ്റെന്‍ എച്ച്. വെര്‍മണ്ട് പറഞ്ഞു. രോഗം ബാധിച്ച മൃഗങ്ങളുമായി അടുത്ത സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരില്‍ മുന്‍കരുതല്‍ നടപടികള്‍ കൈക്കൊള്ളേണ്ടതില്‍ വിട്ടുവീഴ്ച ചെയ്യരുതെന്ന് സിഡിസി(Centers for Disease Control and Prevention) യും വ്യക്തമാക്കുന്നു. അമേരിക്കയിലെ അമ്പത് സംസ്ഥാനങ്ങളിലും രോഗവ്യാപനമുണ്ടെന്നാണ് പുറത്തുവരുന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്.
എച്ച്5എന്‍1 അഥവാ പക്ഷിപ്പനിക്ക് ജനിതകവ്യതിയാനം സംഭവിക്കുന്നത് തുടരുമെന്നും അമേരിക്കയിലുടനീളം പടരുമെന്നും ഇത് ഭാവിയില്‍ മറ്റൊരു മഹാമാരിക്ക് കാരണമായേക്കാമെന്നുമാണ് വിദഗ്ധര്‍ പറയുന്നത്.
വന്യമൃഗങ്ങളില്‍നിന്ന് വീട്ടില്‍ വളര്‍ത്തുന്ന മൃഗങ്ങളിലേക്ക് വൈറസ് പകരാനുള്ള സാധ്യത വര്‍ധിക്കുകയും ഇതുവഴി മനുഷ്യരില്‍ രോഗവ്യാപനമുണ്ടാവുകയും ചെയ്യുമെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.
പക്ഷിപ്പനിയെ മനുഷ്യരിലേക്ക് പടരാനുള്ള സാധ്യത കുറയ്ക്കുന്നത് വൈറസിന്റെ സ്വഭാവം ഉള്‍പ്പെടെയുള്ള ഘടകങ്ങളാണ്. എന്നാല്‍ അമേരിക്കയിലെ പശുക്കള്‍ക്കിടയില്‍ വ്യാപിക്കുന്ന പക്ഷിപ്പനിക്ക് ഒരു ജനിതകവ്യതിയാനം കൂടി സംഭവിച്ചാല്‍ എളുപ്പത്തില്‍ മനുഷ്യരിലേക്ക് പടരുമെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്.
പക്ഷിപ്പനിയുടെ വാഹകര്‍ പക്ഷികള്‍ മാത്രമല്ലെന്നും പൂച്ചകളിലൂടെയും എളുപ്പം രോഗം മനുഷ്യരിലേക്ക് പടരുമെന്നും. പൂച്ചകളില്‍ പക്ഷിപ്പനി വൈറസ് ബാധിക്കുകയും ശേഷം അവയ്ക്ക് വകഭേദം സംഭവിച്ച് സ്ഥിരമായി ഇടപഴകുന്ന മനുഷ്യരിലേക്ക് പകരുകയും ചെയ്യുമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്. നിലവില്‍ പൂച്ചകള്‍ വഴി എച്ച്5എന്‍1 മനുഷ്യരിലേക്ക് പകര്‍ന്നതിന് തെളിവുകളില്ല. എങ്കിലും ഇതില്‍ അടിയന്തിര നിരീക്ഷണം ആവശ്യമാണെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.






