കൊല്ലം: ഏഴ് വയസുകാരിക്ക് പേ വിഷബാധയേറ്റു. യഥാസമയം വാക്സിനെടുത്തിട്ടും കുട്ടിക്ക് പേവിഷബാധയേറ്റതായി കുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞു. കൊല്ലം വിളക്കൊടി കുന്നിക്കോട് സ്വദേശിയായ കുട്ടിയെഎസ്.എ.ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടുമുറ്റത്തിരുന്ന കുട്ടിയെ താറാവിനെ ഓടിച്ചെത്തിയ പട്ടിയാണ് കടിച്ചത്. ഉടൻ തന്നെ ഐ.ഡി.ആർ.വി ഡോസ് എടുത്തിരുന്നു. അന്ന് തന്നെ ആന്‍റീ റാബിസ് സിറവും നൽകിയിരുന്നു. പിന്നീട് മൂന്ന് തവണ കൂടി ഐഡിആർവി നല്‍കി. ഇതിൽ മെയ് ആറിന് ഒരു ഡോസ് മാത്രമാണ് ബാക്കിയുണ്ടായിരുന്നത്.
ഇതിനിടെ ഏപ്രിൽ 28 ന് കുട്ടിക്ക് പനി ബാധിച്ചപ്പോൾ പരിശോധിച്ചു. തുടർന്നാണ് പേവിഷ ബാധയേറ്റെന്ന് മനസിലായത്. യഥാസമയം വാക്സിനെടുത്തതിനാൽ പേവിഷ ബാധയേൽക്കില്ലെന്ന വിശ്വാസത്തിലായിരുന്നു കുടുംബവും നാട്ടുകാരും. അതിനാൽ തന്നെ പിന്നീടാരും പട്ടിയെ കുറിച്ച് അന്വേഷിച്ചില്ല. നായക്ക് എന്ത് സംഭവിച്ചുവെന്നും വ്യക്തമല്ല. പെൺകുട്ടിക്ക് പേവിഷബാധ ഏറ്റതോടെ പ്രദേശത്ത് മറ്റാർക്കെങ്കിലും നായയുടെ കടിയേറ്റോയെന്ന് അന്വേഷിക്കുന്നുണ്ട്. ഏപ്രിൽ എട്ടിനായിരുന്നു കുട്ടിയെ നായ കടിച്ചത്.






