തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ച തീരുമാനത്തിൽ നിന്ന് സർക്കാർ പിന്നോട്ടില്ലെന്ന് സൂചന. ബജറ്റ് പ്രഖ്യാപനത്തിൽ മാറ്റം വരുത്താൻ സാധ്യത കുറവാണെന്നാണ് റിപ്പോർട്ട്. നികുതി നിശ്ചയിച്ച സാഹചര്യം നിയമസഭയിൽ വിശദീകരിക്കാനാണ് മുഖ്യമന്ത്രിയുടെ നീക്കം. പാർട്ടിയിലും മുന്നണിയിലും ഉയർന്ന വിമർശനങ്ങൾ നേതാക്കളെ ബോധ്യപ്പെടുത്താനാണ് ശ്രമം.
അതേസമയം, മുതിർന്ന കോൺഗ്രസ് നേതാക്കളുമായി മുഖ്യമന്ത്രി ചർച്ച നടത്തും. തീരുമാനം പിൻവലിക്കില്ലെങ്കിൽ സഭയ്ക്കുള്ളിലും പുറത്തും പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. വിഷയത്തിൽ നേരത്തെ സർക്കാർ യു-ടേൺ എടുക്കുമെന്ന് വിലയിരുത്തലുണ്ടായിരുന്നെങ്കിലും ഇപ്പോൾ അതിനുള്ള സാധ്യത കുറവാണെന്നാണ് വിവരം. പാർട്ടിയിലും മുന്നണിയിലും അസംതൃപ്തി ഉയർന്നിരുന്നു.
പാർട്ടി വേദിയിൽ ചര്‍ച്ച ചെയ്യാതെ തീരുമാനമെടുത്തുവെന്ന വിമർശനവും ഉയർന്നിരുന്നു. എക്സൈസ് മന്ത്രിയെ ഇരുട്ടിൽ നിർത്തിയെന്നും മദ്യനികുതി വിഷയത്തിൽ പുനഃപരിശോധന വേണമെന്നുമായിരുന്നു ചില നേതാക്കളുടെ അഭിപ്രായം. വി.എം. സുധീരൻ അടക്കമുള്ള മുതിർന്ന നേതാക്കൾ മുൻപ് തന്നെ നികുതി പരിഷ്‌കരണത്തിന് ആവശ്യപ്പെട്ടിരുന്നു.
ബജറ്റിൽ പ്രഖ്യാപിച്ച പ്രകാരം 0.5% മുതൽ 20% വരെ വീര്യമുള്ള മദ്യം “ലോ ആൽക്കഹോളിക് ബവറേജസ്” വിഭാഗത്തിൽ ഉൾപ്പെടുത്തി നികുതി ഘടന നിർണ്ണയിച്ചിട്ടുണ്ട്. 0.5–10% മദ്യത്തിന് 120% നികുതിയും 10–20% മദ്യത്തിന് 175% നികുതിയും ആണ് നിർദ്ദേശിച്ചിരിക്കുന്നത്. വീര്യം കുറഞ്ഞ മദ്യത്തിന് കേരളത്തിൽ വിപണി തുറക്കുന്നതിനുള്ള ഭാഗമായാണ് ഈ നികുതി ഘടന അവതരിപ്പിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.




