ന്യൂയോര്‍ക്ക് : യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ പ്രചാരണ വേദിയില്‍ ഡോണള്‍ഡ് ട്രംപിന് നേരെയുണ്ടായ വധശ്രമത്തിന്റെ ചിത്രങ്ങള്‍ക്ക് ന്യൂയോര്‍ക്ക് ടൈംസിന്റെ പുലിറ്റ്‌സര്‍ പുരസ്‌കാരം. ‘ബ്രേക്കിങ് ന്യൂസ് ഫോട്ടോഗ്രഫി’ വിഭാഗത്തിലാണ് ട്രംപിന്റെ ചെവിക്ക് സമീപത്തു കൂടി വെടിയുണ്ട പാഞ്ഞുപോകുന്നതടക്കമുള്ള ചിത്രങ്ങള്‍ പരിഗണിച്ചാണ് ഡഗ് മില്‍സ് പുരസ്‌കാരത്തിന് അര്‍ഹനായത്.
സുഡാനിലെ യുദ്ധം, അഫ്ഗാന്‍ യുദ്ധത്തിലെ യുഎസ് സേനയുടെ ഇടപെടല്‍ എന്നിവ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ക്കും ന്യൂയോര്‍ക്ക് ടൈംസ് പുലിറ്റ്‌സര്‍ നേടി. യുഎസില്‍ ഗര്‍ഭഛിദ്രം നിരോധിച്ചതിനെ തുടര്‍ന്ന് മരിച്ച സ്ത്രീകളെക്കുറിച്ച് പ്രോ പബ്ലിക്ക പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിനാണ് പബ്ലിക് സര്‍വീസ് മെഡല്‍. ഡോണള്‍ഡ് ട്രംപിന് എതിരെയുള്ള കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിക്കാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ വാഷിങ്ടന്‍ പോസ്റ്റില്‍ നിന്ന് രാജിവച്ച ആന്‍ ടെല്‍നിസും പുലിറ്റ്‌സറിന് അര്‍ഹയായി. 15 വിഭാഗങ്ങളിലായാണ് പുരസ്‌കാരം.






