ന്യൂഡല്‍ഹി: ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനുള്ള തീരുമാനത്തില്‍ ഉറച്ച് വിരാട് കോലി. തീരുമാനത്തില്‍ പുനരാലോചന നടത്താന്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നെങ്കിലും കോലി വഴങ്ങാന്‍ തയ്യാറല്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ടെസ്റ്റില്‍ നിന്ന് രോഹിത് ശര്‍മ വിരമിക്കല്‍ തീരുമാനം അറിയിച്ചതിന് പിന്നാലെയാണ് കോലിയും വിരമിക്കാനൊരുങ്ങുന്നത്. ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കാനിരിക്കേ കോലിയുടെ നിലപാട് ബോര്‍ഡിനെ പ്രസിന്ധിയിലാക്കുമെന്നാണ് പുറത്തുവരുന്ന വിവരം.
ദേശീയമാധ്യമങ്ങളുടെ റിപ്പോര്‍ട്ട് പ്രകാരം ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് പടിയിറങ്ങാനുള്ള തീരുമാനത്തില്‍ വിരാട് കോലി ഇപ്പോഴും ഉറച്ചുനില്‍ക്കുകയാണ്. രണ്ടാഴ്ച മുമ്പാണ് വിരമിക്കാനുള്ള തീരുമാനം കോലി സെലക്ടര്‍മാരെ അറിയിച്ചത്. എന്നാല്‍ ഇംഗ്ലണ്ട് പരമ്പരയില്‍ താരം കളിക്കണമെന്ന് സെലക്ടര്‍മാര്‍ ആവശ്യപ്പെടുകയായിരുന്നു. അടുത്തയാഴ്ച നടക്കുന്ന സെലക്ഷന് കമ്മിറ്റി മീറ്റിങ്ങിന് ശേഷം ഇക്കാര്യത്തില്‍ വ്യക്തത കൈവരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നിലവില്‍ ഇന്ത്യന്‍ ക്രിക്കറ്റി മികച്ച പ്രകടനം കാഴ്ച്ചവെക്കുന്ന കോലികൂടി ഇംഗ്ലണ്ട് പര്യടനത്തിലില്ലെങ്കില്‍ മാച്ച് പ്രതിസന്ധിയാകുമെന്നാണ് ് അധികൃതരുടെ കണക്കുകൂട്ടല്‍. രോഹിത് ശര്‍മ വിരമിച്ചതോടെ പുതിയ ക്യാപറ്റനുകീഴിലായിരിക്കും ഇന്ത്യ ടെസ്റ്റ് കളിക്ക് ഇറങ്ങുക.
ഇത്തരമൊരു സാഹചര്യത്തില്‍ കോലിയുടെ പരിചയസമ്പത്തുകൂടി നഷ്ടമായാല്‍ അത് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. ലോകകപ്പ് വിജയത്തിനുശേഷം ട്വന്റി-20 ക്രിക്കറ്റില്‍നിന്ന് വിരമിച്ച താരം നിലവില്‍ ടെസ്റ്റിലും ഏകദിനത്തിലുമാണ് തുടരുന്നത്. 2011-ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേയാണ് കോലിയുടെ അരങ്ങേറ്റം. ഈ വര്‍ഷം ഓസ്ട്രേലിയക്കെതിരേ ബോര്‍ഡര്‍-ഗാവസ്കര്‍ ട്രോഫിയിലാണ് അവസാനമായി കളിച്ചത്.
ടെസ്റ്റില്‍ 14 സീസണുകളിലായി ഇന്ത്യന്‍ കുപ്പായമണിയുന്ന കോലി 123 ടെസ്റ്റുകളില്‍ കളിച്ചു. 9230 റണ്‍സ് നേടിയിട്ടുണ്ട്. 68 ടെസ്റ്റുകളില്‍ ടീമിനെ നയിച്ചു. 40 ജയം നേടി. ഇന്ത്യയെ കൂടുതല്‍ വിജയത്തിലേക്ക് നയിച്ച ക്യാപ്റ്റനാണ്. ക്യാപ്റ്റനായിരിക്കുന്ന കാലത്ത് ബാറ്ററായും തിളങ്ങി. ഏഴ് ഇരട്ടസെഞ്ചുറികളും കോലിക്ക് സ്വന്തമാണ്.






