കാസർകോട്: ദേശീയപാത നിർമാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് അന്യ സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം. കൊൽക്കത്ത സ്വദേശി മുൻതാജ് മിർ (18) ആണ് മരിച്ചത്. ദേശീയപാതയുടെ ഭാഗമായ മട്ടലായി ഹനുമാരംമ്പലം ഭാഗത്ത് ജെ.സി.ബി. ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്യുന്നതിനിടെ കുന്ന് ഇടിഞ്ഞു വീഴുകയായിരുന്നു. മുൻതാജ് മിർ ഉൾപ്പെടെ നാലുപേരാണ് മണ്ണിനടിയിൽപെട്ടിരുന്നത്. തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെയായിരുന്നു അപകടം.
അപകടത്തിൽ പരിക്കേറ്റവരെ ചെറുവത്തൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മണ്ണിനടിയിൽപ്പെട്ടവരെ നാട്ടുകാരും ഫയർഫോഴ്സും പോലീസും ചേർന്ന് പുറത്തെടുത്തെങ്കിലും മുൻതാജ് സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു.






