കേരളത്തിലെ റോഡുകളിൽ ഇലക്ട്രിക്ക് വാഹനങ്ങളുടെ എണ്ണം കൂടുന്നു. സംസ്ഥാനത്ത് ഈ വര്‍ഷം മാര്‍ച്ച് വരെ രജിസ്റ്റര്‍ ചെയ്തതില്‍ 11 ശതമാനത്തിലേറെയും ഇലക്ട്രിക് വാഹനങ്ങളാണ്. 1,56,666 വാഹനങ്ങളാണ് മൂന്നുമാസത്തിനിടെ രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 17,745 എണ്ണം (11.33 ശതമാനം) ഇലക്ട്രിക് വിഭാഗത്തിലുള്ളതാണ്.
സംസ്ഥാനത്ത് ആകെ 2.30 ലക്ഷം ഇലക്ട്രിക് വാഹനങ്ങളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 2021 വരെ 13,582 വൈദ്യുത വാഹനങ്ങള്‍ മാത്രമേ രജിസ്റ്റര്‍ ചെയ്തിരുന്നുള്ളൂ. 2022- ല്‍ 5.05 ശതമാനമായി ഈ വിഭാഗത്തിലെ രജിസ്ട്രേഷന്. അതായത് 7,84,080 വാഹനങ്ങളില്‍ 39,632 എണ്ണം. 2023 -ല്‍ ഇലക്ട്രിക് വാഹന രജിസ്ട്രേഷന് 9.99 ശതമാനമായി. 7,59,198 വാഹനങ്ങളില്‍ 75,809 എണ്ണം. 2024 -ല്‍ അത് 10.69 ശതമാനമായി. 7,78,914 വാഹനങ്ങളില്‍ 83,259 എണ്ണം ഇലക്ട്രിക്. ഇലക്ട്രിക് വാഹനവിഭാഗത്തില്‍ ഇരുചക്ര വാഹനങ്ങളാണ് കൂടുതലും.
കാർ, ഓട്ടോറിക്ഷ എന്നിവയുടെ എണ്ണത്തിലും വർധനവ് ഉണ്ട്. ഈ വർഷം അവസാനിക്കുമ്പോൾ വൈദ്യുതിവാഹനങ്ങളുടെ അനുപാതം ഇനിയും ഉയരുമെന്നാണ് ഗതാഗത വകുപ്പിന്റെ നിഗമനം. ഒറ്റചാര്‍ജ്ജില്‍ കൂടുതല്‍ ദൂരം പോകാവുന്ന തരത്തില്‍ വാഹനങ്ങള്‍ പരിഷ്കരിച്ചതും ഗുണകരമായി. മൂന്ന് വര്‍ഷത്തിനിടെ കേരളത്തില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റിന്റെ 165 ഇലക്ട്രിക് ബസുകളും രജിസ്റ്റര്‍ചെയ്തു. 2022-23-ല്‍ 50 ബസുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. 2023-24 -ല്‍ 95 എണ്ണമായി. 2024-25 -ല്‍ 20 ബസുകളും രജിസ്റ്റര്‍ ചെയ്തു.






