കൊല്ലം: കുന്നിക്കോട് ഏഴു വയസ്സുകാരി പേ വിഷബാധയേറ്റു മരിച്ച സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മന്ത്രി കെ ബി ഗണേഷ് കുമാര്‍. പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കാന്‍ ആരോഗ്യമന്ത്രിക്ക് കത്ത് നല്‍കും. വിളക്കുടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ കുട്ടിക്ക് ലഭിച്ചത് മികച്ച ചികിത്സയെന്നും മന്ത്രി പറഞ്ഞു. ഇന്നലെ രാത്രി നിയ ഫൈസലിന്റെ വീട് സന്ദര്‍ശിച്ച ശേഷമാണ് മന്ത്രിയുടെ പ്രതികരണം.
പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ കുട്ടിയുടെ അമ്മയ്ക്കും ബന്ധുക്കള്‍ക്കും മോശം അനുഭവം ഉണ്ടായെന്നാണ് പറയുന്നത്. അത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും വകുപ്പ് മന്ത്രിയെ അറിയിക്കുമെന്നും മന്ത്രി കെബി ഗണേഷ് കുമാര്‍ പറഞ്ഞു. മന്ത്രി വീട്ടിലെത്തിയതിന് പിന്നാലെയാണ് പുനലൂര്‍ ആശുപത്രിയില്‍ നേരിട്ട ബുദ്ധിമുട്ടുകള്‍ നേരിട്ട് അറിയിച്ചത്. തുടര്‍ന്നാണ് വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. കുടുംബത്തിന് പരാതികള്‍ ആരോഗ്യമന്ത്രിയെ നേരിട്ടറിയിക്കാന്‍ സൗകര്യം ഒരുക്കുമെന്ന് ഗണേഷ് കുമാര്‍ ഉറപ്പ് നല്‍കി.
കഴിഞ്ഞ മാസം 8ാം തീയതിയാണ് വീട്ടിന് മുന്നില്‍ നില്‍ക്കുമ്പോള്‍ കുട്ടിയ്ക്ക് തെരുവ് നായുടെ കടിയേറ്റത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. വാക്സിനും ആരംഭിച്ചിരുന്നു. എസ് എ ടി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയായിരുന്നു. പിന്നാലെയാണ് കുട്ടിക്ക് മരണം സംഭവിച്ചത്.






