തിരുവനന്തപുരം: വൈദ്യുതി ഉപയോഗം കൂടുതലുള്ള രാത്രികാലങ്ങളില്‍ വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിനുള്ള നിരക്ക് കുത്തനെ വര്‍ധിപ്പിച്ച് കെഎസ്ഇബി. ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള ചാര്‍ജിങ് സ്റ്റേഷനുകളില്‍ നിരക്ക് ഇരട്ടിയോളമാക്കി. സ്വകാര്യ സ്റ്റേഷനുകള്‍ ഈടാക്കുന്നതിനെക്കാള്‍ ഉയര്‍ന്ന നിരക്കാണിത്.
പകല്‍ വൈദ്യുതി ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി രാവിലെ 9 മുതല്‍ 4 വരെ സാധാരണ നിരക്കിന്റെ 70 ശതമാനവും ബാക്കിയുള്ള സമയം 130 ശതമാനവും ഈടാക്കാനുള്ള കേന്ദ്ര ഊര്‍ജ മന്ത്രാലയത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണു നടപടി. പുതിയ നിരക്കനുസരിച്ച് പകല്‍ ഫാസ്റ്റ് ചാര്‍ജ് ചെയ്യുന്നതിന് യൂണിറ്റിന് മുന്‍പുണ്ടായിരുന്നതിനെക്കാള്‍ 4.13 രൂപയും മറ്റു സമയങ്ങളില്‍ 12.07 രൂപയും കൂടുതല്‍ നല്‍കേണ്ടി വരും. നിലവില്‍ പകല്‍ സമയത്ത് സ്ലോ ചാര്‍ജിങ്ങിലെ നിരക്കില്‍ മാത്രമാണ് നേരിയ കുറവുള്ളത്.






