കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്തു സൂര്യ നായകനായെത്തിയ ഏറ്റവും പുതിയ ചിത്രമാണ് റെട്രോ. ഇപ്പോൾ ചിത്രത്തിലെ ‘കനിമ’ വീഡിയോ ഗാനം റിലീസ് ചെയ്തിരിക്കുകയാണ്. അടുത്ത കാലത്ത് റീൽസുകളിൽ ഏറ്റവും കൂടുതൽ ശ്രദ്ധനേടിയ ഗാനമാണ് ‘കനിമ’. സന്തോഷ് നാരായണൻ സംഗീതം ഒരുക്കി ആലപിച്ച ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് വിവേക് ആണ്. സൂര്യയ്ക്ക് ഒപ്പം പൂജ ഹെഗ്ഡെയും ജോജുവും ഗാനത്തിന് ചുവടുവയ്ക്കുന്നത് വീഡിയോയിൽ കാണാവുന്നതാണ്.
കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത റെട്രോ മെയ് 1നാണ് തിയറ്ററുകളിൽ എത്തിയത്. വലിയ ഹൈപ്പിലെത്തിയ ചിത്രത്തിന് പക്ഷേ വേണ്ടത്ര പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചിരുന്നില്ല. എന്നിരുന്നാലും ഇതുവരെ 235 കോടി രൂപയുടെ കളക്ഷൻ റെട്രോ സ്വന്തമാക്കിയെന്നാണ് നിർമാതാക്കൾ കഴിഞ്ഞ ദിവസം അറിയിച്ചത്.
പൂജ ഹെഗ്‍ഡെ നായികയായി എത്തിയ ചിത്രത്തില്‍ ജോജു ജോര്‍ജ്, ജയറാം, കരുണാകരന്‍, നാസര്‍, പ്രകാശ് രാജ്, സുജിത്ത് ശങ്കര്‍, തരക് പൊന്നപ്പ, തമിഴ്, കൃഷ്‍ണകുമാര്‍ ബാലസുബ്രഹ്‍മണ്യന്‍, പ്രേം കുമാര്‍ എന്നിവരും കഥാപാത്രങ്ങളായി എത്തിയിരുന്നു. ശ്രേയസ് കൃഷ്‍ണയാണ് ഛായാഗ്രാഹണം നിര്‍വഹിച്ചത്. സന്തോഷ് നാരായണനാണ് സംഗീത സംവിധാനം.






