തിരുവനന്തപുരം: ആലപ്പുഴയിലെ വിവാദ രക്ഷാപ്രവർത്തന കേസ് അട്ടിമറിച്ചെന്ന കണ്ടെത്തലിനെ തുടർന്ന് സസ്പെൻഷനിലായ എ.ഡി.ജി.പി. എം.ആർ. അജിത് കുമാറിനെതിരെ ഉടൻ വകുപ്പുതല അന്വേഷണം ആരംഭിക്കും. കുറ്റപത്രം സമർപ്പിക്കുന്നതിന് മുന്നോടിയായാണ് അന്വേഷണം നടത്തുന്നത്. ഡി.ജി.പി. റാങ്കിലുള്ള ഉദ്യോഗസ്ഥനാകും അന്വേഷണത്തിന് നേതൃത്വം നൽകുക. ഡി.ജി.പി. യോഗേഷ് ഗുപ്തയുടെ പേരാണ് നിലവിൽ പരിഗണനയിലുള്ളതെന്നാണ് വിവരം.
അജിത് കുമാറിനെതിരായ ആരോപണങ്ങൾ സമഗ്രമായി പരിശോധിക്കുന്ന അന്വേഷണത്തിൽ സാക്ഷിമൊഴികൾ രേഖപ്പെടുത്തും. അജിത് കുമാറിന്റെ വിശദീകരണവും രേഖകളും ഹാജരാക്കാൻ അവസരം നൽകും. അന്വേഷണത്തിൽ ആരോപണങ്ങൾ തെളിഞ്ഞാൽ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യുന്നതും ശമ്പളവർധന തടയുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാനാണ് നീക്കം.
എസ്.പി. ഷൗക്കത്ത് അലിയുടെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലാണ് എ.ഡി.ജി.പി. എം.ആർ. അജിത് കുമാർ രക്ഷാപ്രവർത്തന കേസ് അട്ടിമറിച്ചെന്ന കണ്ടെത്തലുണ്ടായത്. എന്നാൽ എ.ഡി.ജി.പി.യുടെ പദവി എസ്.പി.യേക്കാൾ ഉയർന്നതിനാൽ വകുപ്പുതല നടപടികൾ ശുപാർശ ചെയ്യുന്നതിൽ പരിമിതികളുണ്ടായിരുന്നു. ഇതോടെയാണ് ഡി.ജി.പി. റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയോഗിച്ച് വിശദമായ വകുപ്പുതല അന്വേഷണം നടത്താൻ സർക്കാർ തീരുമാനിച്ചത്.
സാക്ഷിമൊഴികൾ ശേഖരിക്കുന്നതിനൊപ്പം അജിത് കുമാറിന് സ്വന്തം ഭാഗം അവതരിപ്പിക്കാനും തെളിവുകൾ സമർപ്പിക്കാനും അവസരം നൽകും. ആരോപണങ്ങൾ തെളിയിക്കപ്പെടാത്ത പക്ഷം അദ്ദേഹത്തെ കുറ്റവിമുക്തനാക്കാനും സാധ്യതയുണ്ട്.
ഡി.ജി.പി. സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് എം.ആർ. അജിത് കുമാറിനെ സസ്പെൻഡ് ചെയ്തത്. മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച ശേഷമാണ് ആഭ്യന്തരമന്ത്രി നടപടിക്ക് അനുമതി നൽകിയത്. സസ്പെൻഷനോടെ അദ്ദേഹത്തിന്റെ ഡി.ജി.പി. റാങ്കിലേക്കുള്ള സ്ഥാനക്കയറ്റവും താൽക്കാലികമായി തടയപ്പെടും.
ആലപ്പുഴ രക്ഷാപ്രവർത്തന കേസ് അട്ടിമറിച്ചതുമായി ബന്ധപ്പെട്ട പ്രത്യേക അന്വേഷണസംഘത്തിന്റെ റിപ്പോർട്ട് അടുത്തിടെ ഡി.ജി.പി. ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയിരുന്നു. തുടർന്ന് റിപ്പോർട്ട് ആഭ്യന്തരമന്ത്രിക്ക് സമർപ്പിച്ചതിന് പിന്നാലെയാണ് നടപടികൾ ആരംഭിച്ചത്.
ഗൺമാൻമാരുടെ മർദനക്കേസിലെ അന്വേഷണ റിപ്പോർട്ട് തിരുത്തി തെളിവുകൾ ദുർബലമാക്കി പ്രതികളെ രക്ഷിക്കാൻ ശ്രമിച്ചുവെന്നതാണ് എം.ആർ. അജിത് കുമാറിനെതിരായ എസ്.ഐ.ടി.യുടെ പ്രധാന കണ്ടെത്തൽ. അജിത് കുമാറിന്റെ നിർദേശപ്രകാരമാണ് റിപ്പോർട്ടിൽ മാറ്റങ്ങൾ വരുത്തിയതെന്നും, മുൻ അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥരുടെ മൊഴികളും എസ്.ഐ.ടി. റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.




