മുംബൈ: ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ ബാന്ദ്രയിലെ വസതിയിലേക്ക് അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ച രണ്ട് പേര്‍ അറസ്റ്റില്‍. തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായി നടന്ന രണ്ട് വ്യത്യസ്ത സംഭവങ്ങളിലായാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഛത്തീസ്ഗഢ് സ്വദേശി ജിതേന്ദ്ര കുമാര്‍ ഹര്‍ദയാല്‍ സിംഗ് (23), ഒരു സ്ത്രീ എന്നിവരാണ് ബാന്ദ്ര പൊലീസിന്റെ പിടിയിലായത്.
ചൊവ്വാഴ്ച രാവിലെ സല്‍മാനും മാതാപിതാക്കളും താമസിക്കുന്ന ബാന്ദ്രയിലെ ഗാലക്‌സി അപ്പാര്‍ട്ട്‌മെന്റിന് ചുറ്റും അപരിചിതനായ ഒരു വ്യക്തിയെ സംശയാസ്പദമായ രീതിയില്‍ കണ്ടത് സുരക്ഷാ ജീവനക്കാര്‍ ചോദ്യം ചെയ്തിരുന്നു. അകത്തേക്ക് കടക്കണമെന്ന് ഇയാള്‍ ആവശ്യവും ഉന്നയിച്ചു. എന്നാല്‍, ഇത് അനുവദിക്കാന്‍ സുരക്ഷാ ജീവനക്കാര്‍ തയ്യാറാകാതെ വന്നതിന്റെ ദേഷ്യത്തില്‍ സ്വന്തം മൊബൈല്‍ ഫോണ്‍ നിലത്തെറിഞ്ഞ് നശിപ്പിച്ചതിന് ശേഷമാണ് ഇയാള്‍ സ്ഥലത്ത് നിന്ന് പോകുന്നത്.
പിന്നീട്, അതേ ദിവസം വൈകീട്ട് 7.15-ഓടെ ഇയാള്‍ വീണ്ടും തിരിച്ചെത്തി. അപ്പാര്‍ട്‌മെന്റിലെ ഒരു താമസക്കാരന്റെ കാറിന് പിന്നില്‍ ഒളിച്ച് ഗേറ്റിലൂടെ അകത്തേക്ക് കടന്ന ഇയാളെ പൊലീസും സുരക്ഷാ ജീവനക്കാരും ചേര്‍ന്നാണ് പിടികൂടുന്നത്. സല്‍മാനെ കാണാന്‍ വേണ്ടിയായിരുന്നു തന്റെ അതിക്രമം എന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്.സമാനമായ സംഭവത്തില്‍ ഒരു സ്ത്രീയെയും പൊലീസ് തിങ്കളാഴ്ച അറസ്റ്റുചെയ്തതിരുന്നു.






